ആദ്യ പന്തിൽ സിക്സറടിക്കാൻ ആഗ്രഹമുണ്ട്. എന്തിന് 10 പന്ത് കാത്തിരിക്കണം. സഞ്ജു തുറന്ന് പറയുന്നു.

sanju samson finishing vs srh

2024 ഇന്ത്യൻ പ്രീമിയർ ലീഗിലും രാജസ്ഥാൻ ടീമിന്റെ നായകനാണ് മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ സീസണുകളിലൊക്കെയും ടീമിനായി തരക്കേടില്ലാത്ത പ്രകടനം തന്നെ സഞ്ജു കാഴ്ച വെച്ചിട്ടുണ്ട്. ബാറ്റിംഗ് കൊണ്ടും നായകത്വ മികവുകൊണ്ടും രാജസ്ഥാനെ വളരെ പ്രചാരമുള്ള ടീമാക്കി മാറ്റാനും സഞ്ജുവിന് സാധിച്ചു.

വമ്പൻ താരങ്ങൾ അണിനിരക്കുന്ന ടീമിന്റെ നട്ടെല്ലാണ് സഞ്ജു സാംസൺ. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി തന്റെ ബാറ്റിംഗ് നയം വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസൺ ഇപ്പോൾ. മൈതാനത്ത് പല സമയങ്ങളിലും ആദ്യ പന്തിൽ തന്നെ സിക്സർ നേടാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് താൻ എന്ന് സഞ്ജു സാംസൺ തുറന്നു പറഞ്ഞിരിക്കുകയാണ്.

നിലവിൽ ഇന്ത്യയിൽ ഒരുപാട് ക്രിക്കറ്റർമാർ ഉണ്ടെന്നും അതിനാൽ തന്നെ വ്യത്യസ്തമായി ചിന്തിക്കുന്നവർക്കാണ് മുൻപോട്ട് പോവാൻ ഏറ്റവുമധികം അവസരമെന്നും സഞ്ജു മനസ്സിലാക്കുന്നു. “ഇന്ത്യയിൽ ഒരുപാട് കഴിവുകളുള്ള താരങ്ങളുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ ക്രിക്കറ്റിന്റെ നിലവാരം വളരെ ഉയരത്തിലാണ്. ഇന്ത്യയുടെ ദേശീയ ടീമിൽ ഇടം കണ്ടെത്തണമെങ്കിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നാണ് ഞാൻ കരുതുന്നത്. അതിനാൽ തന്നെ മൈതാനത്ത് എന്റേതായ രീതിയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട്.”- സഞ്ജു പറയുന്നു.

Read Also -  2025 ലേലത്തിൽ ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന കീപ്പർമാർ. ജിതേഷ് ശർമ അടക്കം 3 പേർ.

“പല സമയങ്ങളിലും ആദ്യ പന്തിൽ തന്നെ സിക്സർ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കാറുണ്ട്. മറ്റുള്ള ബാറ്റർമാരിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ബാറ്റിംഗ് ശൈലിയിൽ പുറത്തെടുക്കണം എന്നും എന്റെ ആഗ്രഹമാണ്. എന്തിനാണ് ഒരു സിക്സർ അടിക്കാൻ 10 പന്തുകൾ വരെ കാത്തിരിക്കുന്നത് ?.

എന്തായാലും കളിക്കുന്ന ടീമിനു വേണ്ടി ഗംഭീര പ്രകടനങ്ങൾ പുറത്തെടുക്കണം എന്നതാണ് എന്റെ ആഗ്രഹം.”- സഞ്ജു സാംസൺ കൂട്ടിച്ചേർക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ നായക സ്ഥാനം തനിക്ക് ലഭിച്ച സാഹചര്യത്തെപ്പറ്റിയും സഞ്ജു സംസാരിക്കുകയുണ്ടായി.

“ഞങ്ങൾ ദുബായിൽ കളിക്കുന്ന സമയത്ത് ആയിരുന്നു നായക സ്ഥാനം എന്റെ കയ്യിലേക്ക് എത്തുന്നത്. രാജസ്ഥാൻ ടീമിനെ നയിക്കാൻ താല്പര്യമുണ്ടോ എന്ന് ടീമിന്റെ ഉടമ എന്നോട് ചോദിച്ചു. തയ്യാറാണ് എന്നാണ് ഞാൻ മറുപടി നൽകിയത്. രാജസ്ഥാൻ ടീമിൽ കളിച്ച അനുഭവസമ്പത്ത് എനിക്കുണ്ട് എന്ന ബോധ്യം അവർക്കുള്ളതിനാലാണ് ക്യാപ്റ്റൻ സ്ഥാനം എന്നെ ഏൽപ്പിച്ചത്. മാത്രമല്ല രാജസ്ഥാൻ ടീമിനെ നയിക്കാൻ സാധിക്കുമെന്ന വലിയ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.”- സഞ്ജു പറഞ്ഞു വെക്കുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലും സഞ്ജുവിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനങ്ങൾ രാജസ്ഥാൻ പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top