അവൻ വ്യക്തിഗത നേട്ടം മാറ്റിവയ്ച്ച് ടീമിനായി കളിച്ചു. ശ്രെയസ് അയ്യരെ വാനോളം പുകഴ്ത്തി നാസർ ഹുസൈൻ.

ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിലെ ശ്രെയസ് അയ്യരുടെ ബാറ്റിംഗ് പ്രകടനത്തെ പ്രശംസിച്ച് ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. മത്സരത്തിൽ ശ്രേയസ് അയ്യർ സമ്മർദ്ദ സാഹചര്യങ്ങൾക്കിടയിലും തന്റെ ടീമിനുവേണ്ടി കളിക്കാൻ തയ്യാറായി എന്നാണ് നാസർ ഹുസൈൻ പറയുന്നത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മോശം പ്രകടനങ്ങൾ പുറത്തെടുത്തതിന്റെ പേരിൽ ശ്രേയസ് അയ്യർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ശേഷം ശ്രേയസ് അയ്യരെ പുറത്താക്കണമെന്ന അഭിപ്രായം പോലും മുൻ താരങ്ങളടക്കം പ്രകടിപ്പിച്ചു. പക്ഷേ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഒരു ഉഗ്രൻ ഇന്നിങ്സോടെ എല്ലാത്തിനും മറുപടി കൊടുത്തിരിക്കുകയാണ് അയ്യർ. ഈ സാഹചര്യത്തിലാണ് പ്രശംസകളുമായി നാസർ ഹുസൈൻ രംഗത്ത് എത്തിയിരിക്കുന്നത്.

ടീമിൽ സ്ഥാനമുറപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം ടീമിന് വേണ്ടി അയ്യർ പോരാടി എന്ന് നാസർ ഹുസൈൻ സമ്മതിക്കുന്നു. “ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് 49 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇതിന് ശേഷം ശ്രേയസ് അയ്യരെ ഇന്ത്യ ടീമിൽ നിന്ന് ഒഴിവാക്കണം എന്ന രീതിയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ എല്ലാ കളിക്കാരും തങ്ങളുടെ ടീമിലെ സ്ഥാനത്തിനായി കളിക്കാനാണ് ശ്രമിക്കുക. എന്നാൽ ശ്രേയസ് അയ്യര്‍ അങ്ങനെയല്ല ചെയ്തത്. ശ്രേയസ് അയ്യർക്ക് മത്സരത്തിൽ 40 പന്തുകളോളം കളിക്കാൻ ലഭിച്ചിരുന്നു. എന്നാൽ തന്റെ വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം ഒരു ഫിനിഷറായി ശ്രേയസ് കളിക്കുകയുണ്ടായി.”- നാസർ ഹുസൈൻ പറഞ്ഞു.

“എല്ലാ പന്തുകളും ആക്രമിച്ചു തന്നെയാണ് ശ്രേയര്സ് നേരിട്ടത്. ടീമിനായി കളിക്കാൻ അയാൾക്ക് സാധിച്ചു. ബോളറെ ആക്രമിക്കുന്ന സമയത്ത് അയാൾ കൂടുതൽ മികച്ച ബാറ്ററായി തോന്നുന്നുണ്ട്. ഇന്ന് മത്സരത്തിൽ ആക്രമിച്ചു കളിച്ചത് പോലെ ഇനിയുള്ള മത്സരങ്ങളിലും ശ്രേയസ് അയ്യർ ആക്രമണ മനോഭാവത്തോടെ നേരിടണം എന്നാണ് എനിക്ക് തോന്നുന്നത്.”- നാസർ ഹുസൈൻ കൂട്ടിച്ചേർത്തു. മത്സരത്തിൽ ശ്രേയസ് അയ്യരുടെ തകർപ്പൻ ഇന്നിംഗ്സ് ആയിരുന്നു ഇന്ത്യയ്ക്ക് 357 എന്ന ശക്തമായ സ്കോർ നൽകിയത്. വിരാട് കോഹ്ലിയും ഗില്ലും ഇന്നിങ്സിന്റെ ആദ്യ സമയത്ത് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ഇരുവരുടെയും വിക്കറ്റ് ചെറിയ ഇടവേളയിൽ നഷ്ടമായത് ഇന്ത്യയെ ബാധിച്ചിരുന്നു. ഈ സമയത്താണ് ശ്രേയസ് അയ്യർ ക്രീസിലെത്തിയത്.

മത്സരത്തിൽ അയ്യർ 56 പന്തുകൾ നേരിട്ട് 82 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇന്നിങ്സിൽ 3 ബൗണ്ടറികളും 6 സിക്സറുകളുമാണ് ഉൾപ്പെട്ടത്. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ പൂർണ്ണമായും ചുരുട്ടി കെട്ടാൻ ഇന്ത്യക്ക് സാധിച്ചു. മുഹമ്മദ് ഷാമിയും സിറാജും അടക്കമുള്ള ബോളർമാർ മത്സരത്തിൽ മികവ് പുലർത്തിയപ്പോൾ ഇന്ത്യ 302 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ ടൂർണമെന്റിന്റെ സെമി ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യ മാത്രമാണ് 2023 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്.