അഫ്ഗാനെതിരായ ട്വന്റി20യിൽ സഞ്ജു കളിക്കും. ലോകകപ്പിന് മുമ്പ് സഞ്ജുവിന് വലിയ അവസരം.

GB35G8tWwAA0Sjy 1

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പര്യടനത്തിന് ശേഷം ഇന്ത്യ നേരിടാൻ പോകുന്നത് അഫ്ഗാനിസ്ഥാൻ ടീമിനെയാണ്. 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ കളിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ട്വന്റി20 പരമ്പര കൂടെയാണിത്.

എന്നാൽ പരമ്പരയിൽ സീനിയർ താരങ്ങളടക്കം പലരും മാറിനിൽക്കുന്ന സാഹചര്യമാണുള്ളത്. സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങളൊക്കെയും പ്രസ്തുത ട്വന്റി20 പരമ്പരയിൽ കളിക്കുന്നില്ല. അതിനാൽ തന്നെ മലയാളി താരം സഞ്ജു സാംസണിന്റെ മുൻപിലേക്ക് വലിയ സാധ്യതകൾ വന്നെത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സഞ്ജുവിന് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ കളിക്കാൻ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ശേഷം ഇന്ത്യ കളിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയുടെ പ്രധാന താരങ്ങൾക്കൊക്കെയും അഫ്ഗാനിസ്ഥാൻ പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കാൻ സാധ്യതകൾ ഏറെയാണ്. ശ്രേയസ് അയ്യർ, ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ തുടങ്ങിയവരൊക്കെയും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ നിന്നും മാറി നിന്നേക്കും.

അവിടെയാണ് സഞ്ജുവിന്റെ സാധ്യതകൾ ഉദിക്കുന്നത്. ശുഭ്മാൻ ഗില്ലും ട്വന്റി20 പരമ്പരയിൽ കളിക്കാൻ സാധ്യതയില്ലാത്തതിനാൽ തന്നെ സഞ്ജുവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയേക്കും. നിലവിൽ സഞ്ജു രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ നായകനായി കളിക്കുന്നുണ്ട്. എന്നിരുന്നാലും ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചാൽ സഞ്ജുവിന് 2 രഞ്ജി ട്രോഫി മത്സരങ്ങളും നഷ്ടമായേക്കും.

Read Also -  സഞ്ജുവല്ല, ആ 2 പേരാണ് ട്വന്റി20യിലെ ഇന്ത്യയുടെ ഭാവി നായകർ. മുൻ ഇന്ത്യൻ താരം പറയുന്നു.

സഞ്ജുവിനെ സംബന്ധിച്ച് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര വളരെ നിർണായകമാണ്. പരമ്പരയിൽ കളിക്കാൻ സാധിച്ചാൽ, വലിയ പ്രകടനം തന്നെ സഞ്ജു പുറത്തെടുക്കേണ്ടതുണ്ട്. പരമ്പരയിൽ മികവ് പുലർത്തിയാൽ മാത്രമേ സഞ്ജുവിന് 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് ക്ഷണം ലഭിക്കുകയുള്ളൂ.

നിലവിൽ സഞ്ജുവിനെ ഇന്ത്യ ട്വന്റി20 പരമ്പരകളിൽ കളിപ്പിച്ചിരുന്നില്ല. പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ കളിക്കാൻ ലഭിച്ച അവസരം വളരെ മികച്ച രീതിയിൽ വിനിയോഗിക്കാൻ സഞ്ജുവിന് സാധിച്ചു. അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയാണ് സഞ്ജു തന്റെ വരവറിയിച്ചത്.

ഇതിന് പിന്നാലെയാണ് സഞ്ജുവിനെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലും ഉൾപ്പെടുത്തിയേക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജയസ്വാൾ, തിലക് വർമ, റിങ്കു സിംഗ് എന്നിവരാണ് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ കളിക്കാൻ വളരെ സാധ്യതയുള്ള താരങ്ങൾ.

ഒപ്പം രോഹിത് ശർമ ഇന്ത്യയുടെ ടീമിനെ പരമ്പരയിൽ നയിച്ചേക്കും എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പക്ഷേ ഇതേ സംബന്ധിച്ചുള്ള ഔദ്യോഗികമായ വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നിരുന്നാലും വലിയ പ്രതീക്ഷയിൽ തന്നെയാണ് സഞ്ജു ആരാധകർ.

Scroll to Top