ലോകം കണ്ട ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാൾ. ഗോളുകൾ അടിക്കുന്നതിനേക്കാൾ ഗോളുകൾ അടിപ്പിക്കാൻ ഇഷ്ടപെടുന്ന താരം. 2014ൽ ലോകകപ്പ് നേടിയ ജർമൻ ടീമിന്റെ മിഡ്‌ഫീൽഡിലെ നെടുംതൂൺ. വിശേഷണങ്ങൾ ഒരുപാടാണ് മെസ്യൂട് ഓസിലിന്.
ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ ഓസിൽ ഷാൽക്കെ, റയൽ മാഡ്രിഡ്, ആർസെനൽ മുതലായ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.
ഓസിൽ അവസാനമായി കളിച്ചത് ആർസെനലിന് വേണ്ടിയാണ്. ആർസെനലിനായി 254 കളികളിൽ നിന്നും 44 ഗോളുകളും 77 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
2020 മാർച്ചിലാണ് ഓസിൽ അവസാനമായി കളത്തിൽ ഇറങ്ങുന്നത്. കോവിഡ്-19 മഹാമാരി മൂലം പല ടീമുകളും താരങ്ങളോട് പേ കട്ടിനു ആവശ്യപ്പെട്ടിരുന്നു. ആർസെനലും ഈ ആവശ്യം മുന്നോട്ട് വെച്ചപ്പോൾ ഓസിൽ അതിനു തയ്യാറായില്ല. അന്ന് മുതലാണ് യഥാർത്ഥ പ്രശ്നം ആരംഭിക്കുന്നത്.
ആഴ്ച തോറും ഓസിലിനു £350,000 അതായത് Rs.25,636,934 ഇന്ത്യൻ റുപ്പിയാണ് ആർസെനൽ സാലറി ആയി നൽകിയിരുന്നത്. പേ കട്ട് അംഗീകരിക്കാതെ മാറി നിന്ന ഓസിലിനെ ആർസെനലും പിന്നീട് കളിപ്പിച്ചില്ല. കഴിഞ്ഞ ഒരു കൊല്ലമായി കളികളത്തിന് പുറത്തായിരുന്നു ഓസിൽ.
ഇപ്പോൾ തുർക്കിഷ് വമ്പന്മാരായ ഫെനർബഹ്സ് എസ്. കെയാണ് ഓസിലിനെ സൈൻ ചെയ്തിരിക്കുന്നത്. തുർക്കിഷ് സൂപ്പർ ലീഗും, തുർക്കിഷ് കപ്പിലും കളിക്കുന്ന തുർക്കിയിലെ മുൻ നിര ക്ലബ്ബുകളിൽ ഒന്നായ ഫെനർബഹ്സാണ് ഓസിലിനെ കൂടാരത്തിൽ എത്തിച്ചിരിക്കുന്നത്.
തന്റെ ഫുട്ബോൾ കരിയറിൽ അത്യുന്നതങ്ങളിൽ എത്തിയ ഓസിൽ നിരവധി അനിഷ്ട സംഭവങ്ങൾക്ക് ഇരയായിട്ടുണ്ട്. വംശീയ അധിക്ഷേപത്തിന്റെ ക്രൂര ഇരയായ ഓസിൽ ജർമൻ നാഷണൽ ടീമിൽ നിന്ന് 2018ൽ വിരമിക്കുകയുണ്ടായി. പരിക്കും ഓസിലിനെ ഏറെ വലച്ചിട്ടുണ്ട്.
ഓസിൽ ജർമ്മൻ പൗരനാണെങ്കിലും തുർക്കിയാണ് ഓസിലിന്റെ ജന്മദേശം. പുതുവർഷമായ ഈ 2021ൽ തുർക്കിയിൽ തന്റെ കാൽപന്ത് ജീവിതത്തിലെ ഒരു പുതു അദ്ധ്യായം കുറിക്കാൻ ഒരുങ്ങുകയാണ് അസിസ്റ്റുകളുടെ രാജാവായ മെസ്യൂട് ഓസിൽ.