ചരിത്രത്തില്‍ ആദ്യമായി ഐലീഗ് കിരീടം കേരളത്തില്‍ നിന്നും ഒരു ടീം സ്വന്തമാക്കി. സീസണിലെ അവസാന മത്സരത്തില്‍ ട്രാവു എഫ്സിയെ പരാജയപ്പെടുത്തിയാണ് ഗോകുലം കേരള കിരീടം സ്വന്തമാക്കിയത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം നാലു ഗോള്‍ നേടിയാണ് ഗോകുലം കേരള കിരീടം സ്വന്തമാക്കിയത്.
ബിദ്യാദര്‍ സിങ്ങിലൂടെ ട്രാവൂ എഫ് സി ആദ്യപകുതിയില്‍ ലീഡ് നേടിയെങ്കിലും മലബാര്‍ ടീം രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്നു. ഏഴു മിനിറ്റിനിടെ മൂന്നു ഗോളുകള്‍ നേടി അതിശക്തമായാണ് ഗോകുലം മത്സരം സ്വന്തമാക്കിയത്.
ഷെരീഫ് മുഹമ്മദ് (70), എമില്‍ ബെന്നി (74), ഡെന്നി അന്‍റ്വി ( 77 ) എന്നിവരാണ് ഗോകുലത്തെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇഞ്ചുറി ടൈമില്‍ മുഹമദ്ദ് റഷീദ് ഗോകുലത്തിനായി ലക്ഷ്യം കണ്ടു. 15 മത്സരങ്ങളില്‍ നിന്നും 29 പോയിന്‍റുമായാണ് ഗോകുലം ചാംപ്യന്‍മാരായത്. 9 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ 2 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 4 മത്സരങ്ങളില്‍ പരാജയപ്പെട്ടു. പഞ്ചാബിനെ തോൽപ്പിച്ച ചർച്ചിലിനും 29 പോയിന്റ് ഉണ്ടെങ്കിലും ഹെഡ് ടു ഹെഡ് മികവിലാണ് ഗോകുലം കേരള കിരീടം നേടിയത്.
2017-18 സീസണിലാണ് ഐലീഗ് യാത്ര ഗോകുലം കേരള ആരംഭിക്കുന്നത്. നാലാം സീസണില്‍ തന്നെ കിരീടം സ്വന്തമാക്കാന്‍ മലബാറിയന്‍സിനു സാധിച്ചു. വിജയത്തോടെ ഗോകുലം കേരളക്ക് എഎഫ്സി കപ്പ് ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടി കൊടുത്തു.