വമ്പന്‍ തിരിച്ചുവരവ് സാക്ഷിയായ മത്സരത്തില്‍ ഗ്രാനഡയെ മൂന്നിനെതിരെ അഞ്ചു ഗോളിന് തോല്‍പ്പിച്ചു ബാഴ്സലോണ കോപ്പാഡെല്‍റേ സെമിഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്‍റെ അവസാന മിനിറ്റുകളില്‍ രണ്ട് ഗോള്‍ നേടി സമനിലയിലാക്കിയ ബാഴ്സലോണ, എക്സ്ട്രാ ടൈമില്‍ 3 ഗോള്‍ നേടിയാണ് മത്സരം വിജയിച്ചത്.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ മേധാവിത്വം നേടിയത് ബാഴ്സലോണയായിരുന്നെങ്കിലും ആദ്യ ഗോള്‍ നേടിയത് ഗ്രാനഡയായിരുന്നു. 33ാം മിനിറ്റില്‍ ന്യൂക്സ്റ്റിലില്‍ നിന്നും ലോണില്‍ എത്തിയ താരം കെന്നഡിയാണ് ഗ്രാനഡയെ ലീഡിലെത്തിച്ചത്. രണ്ടാം പകുതിയുടെ ആരംഭത്തില്‍ വെറ്ററന്‍ താരം റൊബേട്ടോ സൊളഡാഡോ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ബാഴ്സലോണയുടെ അവിശ്വസിനീയ തിരിച്ചുവരവ് കണ്ടത്. 88ാം മിനിറ്റില്‍ ആന്‍റോണിയോ ഗ്രീസ്മാനിലൂടെ ഗോള്‍ കണ്ടെത്തിയ ബാഴ്സലോണ, ഇഞ്ചുറി ടൈമില്‍ ജോര്‍ഡി ആല്‍ബയിലൂടെ സമനില ഗോള്‍ കണ്ടെത്തി.
എക്സ്ട്രാ ടൈം
എക്സ്ട്രാ ടൈമില്‍ ആന്‍റോണിയോ ഗ്രീസ്മാന്‍ ഗോള്‍ കണ്ടെത്തിയെങ്കിലും, ഗ്രാനഡക്ക് അനുകൂലമായ പെനാല്‍റ്റി ഫെഡെ വിക്കോ ലക്ഷ്യത്തില്‍ എത്തിച്ചു. 108ാം മിനിറ്റില്‍ ഡിജോങ്ങും, 113ാം മിനിറ്റില്‍ തകര്‍പ്പന്‍ വോളിയിലൂടെ ജോഡി ആല്‍ബ, ബാഴ്സലോണയെ വിജയത്തിലേക്ക് നയിച്ചു.
സെമിഫൈനലില്‍ സെവ്വിയ, ലെവാന്‍റെ എന്നിവരോടൊപ്പം ബാഴ്സലോണയും എത്തി. റയല്‍ ബെറ്റിസും – അത്ലറ്റിക്കോ ബില്‍ബാവോയും അവസാന സ്പോട്ടിനുവേണ്ടി മത്സരിക്കും.