ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ത്രില്ലിങ്ങ് പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ 5 റണ്‍സിനായിരുന്നു രോഹിത് ശര്‍മ്മയുടേയും സംഘത്തിന്‍റെയും വിജയം. 178 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനു അവസാന ഓവറില്‍ വേണ്ടിയിരുന്നത് 9 റണ്‍സായിരുന്നു.
ക്രീസിലുള്ളത് മില്ലറും, തെവാട്ടിയയും വരാനിരിക്കുന്നത് റാഷീദ് ഖാനും. എന്നാല്‍ ഇവര്‍ക്കെതിരെ വെറും 3 റണ്‍സ് മാത്രമാണ് ഡാനിയല്‍ സാംസ് വഴങ്ങിയത്. ചേസില്‍ മികച്ച തുടക്കം ലഭിച്ച ഗുജറാത്ത്, അനായാസം മത്സരം വിജയിക്കും എന്ന് തോന്നിയ ഘട്ടത്തിലാണ് മത്സരം മുംബൈ തട്ടിയെടുത്തത്.
ഈ വിജയം ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ മത്സര ശേഷം പറഞ്ഞത്. ”ഞങ്ങൾക്ക് 15-20 റൺസ് കുറവായിരുന്നു. ഞങ്ങൾ മികച്ച രീതിയില്‍ ആരംഭിച്ചെങ്കിലും മധ്യ ഓവറുകളില്‍ ബുദ്ധിമുട്ടി. ആ സാഹചര്യത്തിൽ അവർ നന്നായി പന്തെറിഞ്ഞു. ടിം ഡേവിഡ് കാര്യങ്ങൾ നന്നായി പൂർത്തിയാക്കി. ”
”ഈ മത്സരം കഠിനമായിരിക്കും ഞങ്ങൾക്കറിയാമായിരുന്നു, കളി എങ്ങനെ പോകുന്നു, ആരാണ് നന്നായി പന്തെറിയുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും പലതും. ഞങ്ങള്‍ക്കെതിരെ അവർ വേഗത കുറഞ്ഞ പന്തുകൾ എറിഞ്ഞു, അത് ഹിറ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഞങ്ങളും അങ്ങനെ ചെയ്യാൻ ആഗ്രഹിച്ചു. ഞങ്ങൾ അത് വളരെ നന്നായി ചെയ്തു, അത് ബൗളിംഗ് യൂണിറ്റിൽ നിന്നുള്ള മികച്ച ശ്രമമായിരുന്നു.
ടൂര്‍ണമെന്‍റിലെ രണ്ടാം വിജയമാണ് മുംബൈ നേടിയത്. ടൂര്‍ണമെന്‍റില്‍ നിന്നും ഇതിനോടകം പുറത്തായ മുംബൈക്ക് ഇനി മാനം രക്ഷിക്കാനുള്ള കളികളാണ്. ”ഇന്നും, ഞങ്ങൾ ഞങ്ങളുടെ മികച്ച ക്രിക്കറ്റ് കളിച്ചില്ല, അവസാന ഓവറുകള്‍ എറിഞ്ഞ ബൗളർമാർക്കാണ് ക്രെഡിറ്റ്. നിങ്ങൾക്കുള്ള കഴിവുകളെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണ്. രണ്ട് ഗെയിമുകളിൽ സാംസ് മോശമായിരുന്നു, പക്ഷേ അവന്റെ കളി എനിക്കറിയാം. അത്തരം ആളുകളെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണ്. സാധ്യമായത്രയും ഒരേ സ്‌ക്വാഡിനെ നിലനിർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ” സാംസിനെ പ്രശംസിച്ച് രോഹിത് പറഞ്ഞു നിര്‍ത്തി