ഇന്ത്യ കരുതിയിരിക്കണം. ന്യൂസിലന്‍റിനെ നേരിടുന്നതിനു മുന്‍പ് മുന്നറിയിപ്പുമായി സഹീര്‍ ഖാന്‍

2021 ഐസിസി ടി20 ലോകകപ്പിലെ ആദ്യ ചില മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് 2 വില്‍ ആദ്യ സ്ഥാനത്തുള്ളത് പാക്കിസ്ഥാനാണ്. 6 ടീമുകളുള്ള ഗ്രൂപ്പില്‍ ശക്തരായ ന്യൂസിലന്‍റിനെയും ഇന്ത്യയേയും തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ ഒന്നാമത് എത്തിയത്. ഇനി പാക്കിസ്ഥാന്‍റെ ശേഷിക്കുന്ന മത്സരങ്ങള്‍ ചെറിയ റാങ്കിങ്ങുള്ള അഫ്ഗാനിസ്ഥാന്‍, സ്കോട്ട്ലന്‍റ്, നമീബിയ എന്നിവര്‍ക്കെതിരെയാണ്.

ആദ്യ മത്സരം പാക്കിസ്ഥാനോട് തോല്‍വി നേരിട്ട ടീമുകളായ ഇന്ത്യയും – ന്യൂസിലന്‍റും ഞായറാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടം. ടൂര്‍ണമെന്‍റില്‍ ഇനി മുന്നോട്ട് പോകണമെങ്കില്‍ വിജയങ്ങള്‍ അനിവാര്യമാണ്. ഈ മത്സരത്തില്‍ തോല്‍വി  നേരിടുന്ന ടീമിനു മറ്റ് മത്സരങ്ങളുടെ ഫലങ്ങള്‍ അനുസരിച്ചാണ് സെമിഫൈനലില്‍ യോഗ്യത നേടാന്‍ സാധിക്കുകയുള്ളു.

ജീവന്‍ – മരണ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍. ഇന്ത്യക്കാര്‍ അവരുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുത്താല്‍ അധികം ടീമുകള്‍ക്കൊന്നും നമുക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് പറഞ്ഞ സഹീര്‍ ഖാന്‍,  ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തേണ്ടത് ലോകകപ്പിന്‍റെ തന്നെ ആവശ്യമാണ് എന്നും കൂട്ടിചേര്‍ത്തു.

പാക്കിസ്ഥാനെതിരെ തോല്‍വി നേരിട്ടെങ്കിലും ന്യൂസിലന്‍റ് കാഴ്ച്ചവച്ച പോരാട്ടവീര്യം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. അവസാനം വരെ പൊരുതാനുള്ള അവരുടെ കഴിവാണ് അവരെ അപകടകാരികളാക്കുന്നത് എന്ന മുന്നറിയിപ്പും സഹീര്‍ ഖാന്‍ നല്‍കി.

ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് പത്തു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് അഞ്ചു വിക്കറ്റിനാണ് തോറ്റത്. ഒക്ടോബര്‍ 31 ന് ദുബായില്‍ വച്ചാണ് നിര്‍ണായക പോരാട്ടം നടക്കുന്നത്.