ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ മുൻനിര ബാറ്റർമാർ കാഴ്ചവച്ചത്. മത്സരത്തിൽ രോഹിത് ശർമയും ഇഷാൻ കിഷനും ശ്രേയസ് അയ്യരും പൂജ്യരായി മടങ്ങുകയുണ്ടായി. രോഹിത് ശർമയും ഇഷാൻ കിഷിനും അക്കൗണ്ട് തുറക്കാതെ പുറത്തായ ശേഷമായിരുന്നു അയ്യർ ക്രീസിലേത്തിയത്.
എന്നാൽ അയ്യരും ഒരു അനാവശ്യ ഷോട്ടു കളിച്ച് പൂജ്യനായി മടങ്ങുകയായിരുന്നു. അയ്യരുടെ ഈ മോശം ഇന്നിംഗ്സിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അയ്യർക്കെതിരെ യുവരാജ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
നാലാം നമ്പർ ബാറ്റർ എന്നത് സമ്മർദ്ദത്തെ ഉൾക്കൊള്ളാനും അതിനനുസരിച്ച് ടീമിനായി കളിക്കാനും സാധിക്കുന്ന ആളാവണം എന്നാണ് യുവരാജ് സിംഗ് പറയുന്നത്. ഇന്നിംഗ്സ് പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന സമയത്ത് ശ്രേയസ് അയ്യര്‍ അല്പം കൂടി ചിന്തിക്കേണ്ടിയിരുന്നു എന്നാണ് യുവരാജിന്റെ അഭിപ്രായം. തന്റെ ആദ്യ ലോകകപ്പ് മത്സരത്തിലാണ് അയ്യർ പൂജ്യനായി മടങ്ങിയത്.
“നാലാം നമ്പർ ബാറ്റർ എന്നാൽ സമ്മർദ്ദത്തെ ഉൾക്കൊള്ളാൻ കഴിയുന്നവൻ ആയിരിക്കണം. നമ്മുടെ ടീം ഇന്നിങ്സ് പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന സമയത്താണ് അയ്യർ ക്രീസിലേത്തിയത്. അയ്യരിൽ നിന്ന് കുറച്ചുകൂടി ബുദ്ധിപരമായ ചിന്താഗതി ഞാൻ പ്രതീക്ഷിച്ചു. മത്സരത്തിൽ രാഹുൽ എന്തുകൊണ്ടാണ് നാലാം നമ്പറിൽ ബാറ്റ് ചെയ്യാതിരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. പാക്കിസ്ഥാനെതിരെ രാഹുൽ സെഞ്ച്വറി നേടിയിരുന്നു.”- യുവരാജ് സിംഗ് പറഞ്ഞു.
ഇതോടൊപ്പം വിരാട് കോഹ്ലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ഓസ്ട്രേലിയക്ക് മത്സരത്തിൽ പരാജയം നേരിടാനുള്ള കാരണമെന്നും യുവരാജ് പറഞ്ഞു. “വിരാട് കോഹ്ലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയത് ഓസ്ട്രേലിയയുടെ പരാജയത്തിന് കാരണമായി. ഒരിക്കലും കോഹ്ലിയുടെ ക്യാച്ച് നഷ്ടപ്പെടുത്താൻ പാടില്ല. കാരണം ഏത് സമയത്തും എതിർ ടീമിന്റെ കയ്യിൽ നിന്നും മത്സരം തട്ടിയെടുക്കാൻ കഴിവുള്ള ആളാണ് കോഹ്ലി.”- യുവരാജ് സിംഗ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
മത്സരത്തിൽ ജോഷ് ഹേസൽവുഡിന്റെ പന്തിലായിരുന്നു ശ്രേയസ് അയ്യർ പുറത്തായത്. ഇന്ത്യൻ ഇന്നിങ്സിലെ രണ്ടാം ഓവറിലാണ് സംഭവം. ഹേസൽവുഡിന്റെ പന്തിൽ ഒരു അനാവശ്യ ഷോട്ടിന് ശ്രമിക്കുകയായിരുന്നു അയ്യർ. ഒരു കവർ ഡ്രൈവിന് ശ്രമിച്ച അയ്യർ ഡേവിഡ് വാർണർക്ക് ക്യാച്ച് നൽകി മടങ്ങി.
ഇതോടെ ഇന്ത്യ രണ്ട് ഓവറുകളിൽ 2 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകരുകയുണ്ടായി. ശേഷമാണ് വിരാട് കോഹ്ലിയും കെഎൽ രാഹുലും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. നാലാം വിക്കറ്റിൽ 165 റൺസിന്റെ കിടിലൻ കൂട്ടുകെട്ടാണ് ഇരുവരും ചേർത്ത് കെട്ടിപ്പടുത്തത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.