വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിലെ റണ്‍ചേസില്‍ ഇന്ത്യ പതറിയെങ്കിലും സൂര്യകുമാര്‍ യാദവും അരങ്ങേറ്റ മത്സരം കളിക്കുന്ന ദീപക്ക് ഹൂഡയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇരുവരും ചേര്‍ന്ന് അപരാജിത അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 36 പന്തില്‍ 34 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.
ഇപ്പോഴിതാ മത്സരത്തിനിടെ തമാശ രൂപേണ കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തുകയാണ് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ് ഇരുവരും. പൊള്ളാര്‍ഡിന്റെ തന്ത്രങ്ങള്‍ ഒന്നും ഫലിക്കാതെ വന്നതോടെയാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അടുത്തേക്ക് എത്തിയത്.
മിഡ് വിക്കറ്റ് തുറന്നു കിടക്കുകയാണ്, ഐപിഎല്ലിലേതു പോലെ നീ എന്തുകൊണ്ടാണ് ഫ്ളിക്ക് ചെയ്യാത്തതെന്നായിരുന്നു പൊള്ളാര്‍ഡിന്റെ ചോദ്യമെന്നു സൂര്യ വെളിപ്പെടുത്തി. പക്ഷെ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്നും അവസാനം വരെ ക്രീസില്‍ തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും സൂര്യ വ്യക്തമാക്കി.
മത്സരത്തില്‍ മികച്ച പിന്തുണയാണ് അരങ്ങേറ്റ മത്സരം കളിക്കുന്ന ദീപക്ക് ഹൂഡ നല്‍കിയത്. 32 പന്തില്‍ 26 റണ്‍സാണ് താരം നേടിയത്. ” ഏഴു വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അവന്. ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുന്നതു വരെ ഹൂഡ ക്രീസില്‍ തുടരേണ്ടത് വളരെ പ്രധാനവുമായിരുന്നു. അവന്റെ ആത്മവിശ്വാസം ഈ ഇന്നിങ്സില്‍ ശരിക്കും പ്രകടമായിരുന്നു. എനിക്ക് അതു വലിയ ഇഷ്ടമാവുകയും ചെയ്തു ” സൂര്യകുമാര്‍ യാദവ് പറഞ്ഞു.
രാത്രിയിലെ മഞ്ഞുവീഴ്ച കാരണം റണ്‍ചേസ് കുറേക്കൂടി എളുപ്പമായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് കൂട്ടിചേര്‍ത്തു. ഉച്ചയ്ക്കു കാണപ്പെട്ട അതേ ട്രാക്ക് തന്നെയായിരുന്നു രാത്രിയിലേതും പിച്ചിന്റെ സ്വഭാവത്തില്‍ ഒരു മാറ്റവുമില്ലായിരുന്നു എന്നും ഇന്ത്യന്‍ മധ്യനിര ബാറ്റസ്മാന് പറഞ്ഞു.