ഐപിഎല്ലിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് സുരേഷ് റെയ്ന. ഭൂരിഭാഗം സീസണും ചെന്നൈ സൂപ്പര്‍ കിംഗ്സിനോടൊപ്പം ആയിരുന്ന സുരേഷ് റെയ്നയെ മിസ്റ്റര്‍ ഐപിഎല്‍ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇത്തവണ സുരേഷ് റെയ്നയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെടുത്തിരുന്നില്ല. പക്ഷേ ഇത്തവണ സുരേഷ് റെയ്ന കമന്‍ററിയില്‍ അരങ്ങേറ്റം നടത്തും.
മഹേന്ദ്ര സിങ്ങ് ധോണിയുടെ അവസാന സീസണാകും ഈ വര്‍ഷം എന്നാണ് എല്ലാവരും കരുതുന്നത്. മഹേന്ദ്ര സിങ്ങ് ധോണിക്ക് പകരം ആര് എന്ന ചോദ്യം നില്‍ക്കുമ്പോള്‍ അതിനുത്തരം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ, വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ എന്നിവരില്‍ ഒരാള്‍ക്ക് ധോണിക്ക് ശേഷം ചെന്നൈയുടെ ക്യാപ്റ്റനാകാന്‍ കഴിയുമെന്നാണ് റെയ്ന കരുതുന്നത്.
സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ രവീന്ദ്ര ജഡേജക്കാണ് മുന്‍ഗണനയെന്നും റെയ്ന വ്യക്തമാക്കി. ഇത്തവണ മെഗാ ലേലത്തിനു മുന്നോടിയായി ഏറ്റവും ആദ്യം ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത് ഓള്‍റൗണ്ടര്‍ ജഡേജയായിരുന്നു.
ഇത്തവണ ഐപിഎല്ലില്‍ കമന്‍ററി പറയുന്നതിനെ പറ്റിയും സുരേഷ് റെയ്ന മനസ്സു തുറന്നു. സുഹൃത്തുക്കളായ ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിംഗ്, പിയൂഷ് ചൗള എന്നിവരും മുതിര്‍ന്ന കമന്ററായ രവിശാസ്ത്രിയും ഉള്ളതിനാല്‍ എളുപ്പമാകുമെന്നും ഇവരില്‍ നിന്നും സഹായം ലഭിക്കുമെന്നും റെയ്ന പറഞ്ഞു.
2011 ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു റെയ്ന. 4 തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടൊപ്പും ഐപിഎല്‍ ട്രോഫി നേടി. 6000, 8000 ടി20 റണ്‍സ് നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് റെയ്ന. ഐപിഎല്ലില്‍ 5000 റണ്‍സ് നേടിയ ആദ്യ താരമെന്ന റെക്കോഡും സുരേഷ് റെയ്നയുടെ പേരിലാണ്.