ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം അനായാസം ഗുജറാത്ത് മറികടന്നു. അര്‍ദ്ധസെഞ്ചുറിയുമായി വൃദ്ദിമാന്‍ സാഹ (57 പന്തില്‍ 67) അവസാനം വരെ ക്രീസില്‍ നിന്നു.
പ്ലേയോഫ് പ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍ വന്‍ മാറ്റങ്ങളാണ് പ്ലേയിങ്ങ് ഇലവനില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നടത്തിയത്. ജഗദീശന്‍, മിച്ചല്‍ സാന്‍റ്നര്‍, സോളങ്കി, മതീശ പാതിരാന എന്നിവര്‍ക്ക് പ്ലേയിങ്ങ് ഇലവനില്‍ അവസരം ലഭിച്ചു. ആദം മില്‍നെക്ക് പകരം ടീമില്‍ എത്തിച്ച ജൂനിയര്‍ മലിംഗ എന്ന് വിളിപേരുള്ള പാതിരാനയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു.
ആദ്യ ബോളില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് തന്‍റെ ഐപിഎല്‍ അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. തന്‍റെ രണ്ടാം ഓവറില്‍ ഗുജറാത്ത് ക്യാപ്റ്റ്നെ ശിവം ഡൂബെയുടെ കൈകളില്‍ എത്തിച്ചു. മത്സരത്തില്‍ 3.1 ഓവറില്‍ 24 റണ്‍സ് മാത്രമാണ് ശ്രീലങ്കന്‍ താരം വഴങ്ങിയത്. വരും സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു പ്രതീക്ഷ നല്‍കുന്നതാണ് ജൂനിയര്‍ മലിംഗയുടെ പ്രകടനം.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്. 49 പന്തില്‍ 53 റണ്‍സ് നേടിയ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ്പ് സ്കോറര്‍.