ഞങ്ങളുടെ ആക്രമണ മനോഭാവമാണ് ഇനി കാണാൻ പോകുന്നത്. ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് നായകൻ.

shanto

ബംഗ്ലാദേശിന്റെ ഇന്ത്യക്കെതിരായ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ആരംഭിക്കുകയാണ്. ഒക്ടോബർ ആറിന് ഗ്വാളിയാറിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ 2-0 എന്ന നിലയിൽ ബംഗ്ലാദേശിനെതിരെ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം ട്വന്റി20 പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ യുവനിര ഇറങ്ങുന്നത്.

ഇതിന് മുൻപ് ഇന്ത്യൻ ടീമിന് ഒരു മുന്നറിയിപ്പു നൽകിയിരിക്കുകയാണ് ബംഗ്ലാദേശ് നായകൻ ഷാന്റോ. പരമ്പരയിൽ തങ്ങൾ ആക്രമണ മനോഭാവമുള്ള ക്രിക്കറ്റാണ് കളിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ഷാന്റോ പറയുകയുണ്ടായി.

“ഈ പരമ്പരയിൽ വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഇറങ്ങുന്നത്. ആക്രമണ മനോഭാവമുള്ള ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങൾ പരമ്പരയിൽ ശ്രമിക്കുന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് പരിശോധിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് സെമിഫൈനലിൽ എത്താൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ആ അവസരം വേണ്ട രീതിയിൽ ഉപയോഗിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഇപ്പോൾ ഞങ്ങൾ മൈതാനത്ത് ഇറക്കുന്നത് പുതിയൊരു ടീമിനെയാണ്. എല്ലാ കളിക്കാരും നല്ല രീതിയിൽ മത്സരം മനസ്സിലാക്കി കളിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”- ഷാന്റോ പറഞ്ഞു.

Read Also -  ലങ്കയ്ക്കെതിരെ 2 തവണ പൂജ്യനായിട്ടും സഞ്ജുവിനെ പിന്തുണച്ച് ഗംഭീർ. സഞ്ജുവിന് സുവർണാവസരം.

“ടെസ്റ്റ് പരമ്പരയിൽ ഏറ്റവും മികച്ച ഗെയിം പ്ലാനോടുകൂടി കളിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല എന്നത് വ്യക്തമാണ്. അതുകൊണ്ടു തന്നെ മുൻപ് നടന്ന കാര്യങ്ങളെപ്പറ്റി ഞാൻ ചർച്ച ചെയ്യുന്നില്ല. ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ ഈ ട്വന്റി20 പരമ്പര വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ട്വന്റി20യിലെ കാര്യങ്ങൾ. ഒരു പ്രത്യേകത ദിവസം നന്നായി മത്സരത്തിൽ പ്രകടനം കാഴ്ചവയ്ക്കുന്നവർ മത്സരത്തിൽ വിജയം സ്വന്തമാക്കും. ഞങ്ങൾ വിശ്വസിക്കുന്നതും അതിലാണ്.”- ഷാന്റോ കൂട്ടിച്ചേർത്തു

ടെസ്റ്റ് മന്ത്രങ്ങളിൽ അങ്ങേയറ്റം മോശം പ്രകടനം ആയിരുന്നു ബംഗ്ലാദേശ് കാഴ്ചവെച്ചത്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് ബംഗ്ലാദേശ് ഇന്ത്യൻ മണ്ണിലെത്തിയത്. എന്നാൽ ആദ്യ ടെസ്റ്റിൽ 280 റൺസിനും രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റുകൾക്കും ബംഗ്ലാദേശ് പരാജയം ഏറ്റുവാങ്ങി.

ഇത് ടീമിനെ പിന്നോട്ട് അടിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. ഇന്ത്യൻ ടീമിനെ വിലകുറച്ച് കണ്ടതാണ് ബംഗ്ലാദേശിന്റെ പരാജയത്തിന് പ്രധാന കാരണമായി മാറിയത്. ട്വന്റി20യിൽ ഈ തെറ്റ് തിരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഷാന്റോയുടെ നേതൃത്വത്തിൽ ടീം ഇറങ്ങുന്നത്.

Scroll to Top