റാഷിദ് ഖാനൊപ്പം ഡാൻസ് ചെയ്ത് ഇർഫാൻ പത്താൻ. അഫ്ഗാന്റെ വിജയാഘോഷത്തിൽ ഇന്ത്യൻ പങ്കാളിത്തം.

pathan and rashid celebration

പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഒരു ചരിത്ര വിജയം തന്നെയായിരുന്നു അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ഏകദിനങ്ങളിൽ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ ടീമിനെ പരാജയപ്പെടുത്തുന്നത്. മാത്രമല്ല 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. മുൻപ് ഇംഗ്ലണ്ട് ടീമിനെ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു

മത്സരത്തിൽ പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 282 റൺസാണ് നേടിയത്. നായകൻ ബാബർ ആസം 92 പന്തുകളിൽ 74 റൺസുമായി പാകിസ്താൻ ഇന്നിങ്സിന് കരുത്തായി. എന്നാൽ പിന്നീട് മത്സരത്തിൽ കണ്ടത് ഒരു തകർപ്പൻ ചേസ് തന്നെയായിരുന്നു. അതിവിദഗ്ധമായി അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് നിര 282 എന്ന സ്കോർ മറികടന്നു. മത്സരശേഷം വലിയ ആഘോഷങ്ങൾ തന്നെയാണ് അഫ്ഗാനിസ്ഥാൻ താരങ്ങൾ മൈതാനത്ത് നടത്തിയത്.

താരങ്ങളൊക്കെയും മൈതാനത്തിന് ചുറ്റും നടന്ന് ആരാധകരെ അഭിസംബോധന ചെയ്യുകയുണ്ടായി. ആരാധകർ നൽകിയ പിന്തുണയാണ് തങ്ങളുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് പല അഫ്ഗാനിസ്ഥാൻ താരങ്ങളും മത്സരശേഷം പറഞ്ഞിരുന്നു. ഇത്തരത്തിൽ ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെ റാഷിദ് ഖാൻ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനൊപ്പം ഡാൻസ് ചെയ്തതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

മൈതാനത്ത് സ്റ്റാർ സ്പോർട്സ് ടീമിനൊപ്പം മത്സരത്തിന്റെ വിശകലനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇർഫാൻ പത്താൻ. എന്നാൽ ഈ സമയത്ത് അഫ്ഗാനിസ്ഥാൻ താരങ്ങൾ ആരാധകരെ അഭിസംബോധന ചെയ്ത് എത്തുകയും, ഇതുകണ്ട് ഇർഫാൻ പത്താൻ വിശകലന പരിപാടിയിൽ നിന്ന് മാറി റാഷിദിനൊപ്പം ചുവടുവയ്ക്കുകയും ചെയ്തു. ഈ കാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

പ്രധാനമായും അഫ്ഗാനിസ്ഥാന്റെ സ്പിൻ നിരയെയാണ് മറ്റു ടീമുകൾ പേടിസ്വപ്നമായി കാണാറുള്ളത്. റാഷിദ് ഖാനും മുജീബ് റഹ്മാനും നൂർ അഹ്മദും മുഹമ്മദ് നബിയുമടങ്ങുന്ന അഫ്ഗാനിസ്ഥാന്റെ സ്പിൻ ആക്രമണം മറ്റു ടീമുകൾക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എന്നാൽ ചെന്നൈയിൽ കണ്ടത് അഫ്ഗാനിസ്ഥാൻ ബാറ്റിംഗിന്റെ കരുത്ത് തന്നെയായിരുന്നു.

അഫ്ഗാനിസ്ഥാനായി ഓപ്പണർ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന് ഒരു തകർപ്പൻ തുടക്കം നൽകുകയുണ്ടായി. 22ആമത്തെ ഓവറിലാണ് ആദ്യ വിക്കറ്റ് നേടാൻ പാകിസ്ഥാന് സാധിച്ചത്. ശേഷം റഹ്മത്ത് ഷായും നായകൻ ഷഹീദിയും ക്രീസിൽ ഉറച്ചതോടെ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഒരു സ്വപ്ന വിജയം സ്വന്തമാക്കുകയായിരുന്നു.

സദ്രാനായിരുന്നു മത്സരത്തിലെ പ്ലയർ ഓഫ് ദി മാച്ച്. മത്സരത്തിലെ തന്റെ പ്രകടനത്തെ പറ്റി സദ്രാൻ സംസാരിക്കുകയുണ്ടായി. “വളരെ പോസിറ്റീവായ മനോഭാവത്തോടെ പാക്കിസ്ഥാൻ ബോളിംഗിനെ നേരിടാനാണ് ഞാൻ ശ്രമിച്ചത്. ഞാനും ഗുർബാസും അഫ്ഗാനിസ്ഥാനായി ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ നല്ല ആശയവിനിമയമാണ് ഉള്ളത്. അതിനാൽ തന്നെ വിക്കറ്റിനിടയിലുള്ള ഓട്ടവും മറ്റും ഞങ്ങൾക്ക് അനായാസമാണ്. ആദ്യ വിക്കറ്റിലെ കൂട്ടുകെട്ടിൽ വലിയ പിന്തുണ തന്നെയാണ് ഗുർബാസ് എനിക്ക് നൽകിയത്. അത് മത്സരത്തിൽ മോമെന്റം ഉണ്ടാക്കാൻ വലിയ സഹായം ചെയ്തു. എന്റെ രാജ്യത്തെയൊർത്ത് എനിക്കിപ്പോൾ അഭിമാനം തോന്നുന്നു.”- സദ്രൻ പറയുന്നു.

Scroll to Top