പാക്കിസ്ഥാന്റെ ഇന്ത്യക്കെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം പാക് ടീം ഡയറക്ടർ മിക്കി ആർതർ വലിയ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. മത്സര സമയത്ത് അഹമ്മദാബാദ് സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെ വിമർശിച്ചാണ് ആർതർ സംസാരിച്ചത്. മത്സരത്തിനിടെ പാകിസ്ഥാൻ ടീമിന് ആവശ്യമായ പിന്തുണ ലഭിച്ചില്ലയെന്നും ഒരു ബിസിസിഐ പരിപാടി പോലെയാണ് മത്സരം നടന്നതെന്നുമാണ് ആർതർ പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ആർതറുടെ ഈ വാദത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ നായകൻ വസീം അക്രം. ആർതർ പത്രസമ്മേളനത്തിൽ ഇത്തരം കാര്യങ്ങളല്ല പറയേണ്ടിയിരുന്നത് എന്ന് വസീം അക്രം ചൂണ്ടിക്കാട്ടുന്നു.
മത്സരത്തിനിടെ പാക്കിസ്ഥാന്റെ പ്രസക്ത ഗാനമായ ‘ദിൽ ദിൽ പാക്കിസ്ഥാൻ’ കേൾക്കാൻ തനിക്ക് സാധിച്ചില്ലയെന്നും, ഒരു ബിസിസിഐ ഇവന്റോ ദ്വിരാഷ്ട്ര പരമ്പരയോ പോലെയാണ് തനിക്ക് തോന്നിയതെന്നുമായിരുന്നു ആർതർ പറഞ്ഞത്. ഇതിനു മറുപടിയായി അക്രം പറഞ്ഞത് ഇങ്ങനെയാണ്. “സഹോദരാ, നിങ്ങൾ മത്സരത്തിലെ നിങ്ങളുടെ തന്ത്രങ്ങളെ പറ്റി പറയൂ.
എങ്ങനെയാണ് കുൽദീപ് യാദവിനെതിരെ കളിക്കാൻ നിങ്ങൾ തയ്യാറായത്? അത്തരം കാര്യങ്ങളാണ് നിങ്ങളിൽ നിന്ന് ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത്. അല്ലാതെ ഇത്തരം ന്യായങ്ങളല്ല. നിങ്ങൾ കരുതുന്നത് നിങ്ങൾ ഇതിൽ നിന്ന് പെട്ടെന്ന് തന്നെ വിട്ടുപോകും എന്നാണ്. പക്ഷേ ദൗർഭാഗ്യവശാൽ അത് സാധിക്കില്ല.”- അക്രം പറഞ്ഞു.
അക്രമിന്റെ ഈ പ്രസ്താവനയോട് യോജിച്ചാണ് മുൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മോയിൻ ഖാനും പ്രതികരിച്ചത്. ഒരു കാരണവശാലും ആർതർ സ്റ്റേഡിയത്തിൽ അണിനിരന്ന ആരാധകരെ പറ്റി സംസാരിക്കാൻ പാടില്ലായിരുന്നുവെന്ന് മൊയിൻ പറയുന്നു. “ആർതർ മറ്റൊരു വഴിയിലൂടെ ശ്രദ്ധ നേടാനാണ് ശ്രമിച്ചത്. ഒരുപാട് പാക്കിസ്ഥാൻ ആരാധകർക്ക് വേദന ഉണ്ടായിട്ടുണ്ട്.
അവർ കൂടുതൽ ഇമോഷണലാവുകയാണ്. ഇത്തരം വാദഗതികൾ ഉന്നയിക്കുന്നതിനു മുൻപ് തന്റെ ജോലി എന്താണ് എന്ന് കൃത്യമായി ചെയ്യാൻ ആർതർ തയ്യാറാവേണ്ടതുണ്ട്. ഒരു കോച്ച് എന്ന നിലയിൽ അത്തരത്തിലാണ് സംസാരിക്കേണ്ടിയിരുന്നത്.”- മോയിൻ പറയുന്നു.
മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ആരാധക പിന്തുണയെ പാക്കിസ്ഥാനും മാതൃകയാക്കണമെന്ന് മറ്റൊരു പാക് മുൻ താരമായ ശുഐബ് മാലിക്കും പറഞ്ഞു. ആരാധകരെ നന്നായി ഉപയോഗിക്കാൻ ഇനിയെങ്കിലും പാകിസ്ഥാന് സാധിക്കണമെന്നാണ് മാലിക് പറയുന്നത്. “ഇത്രയധികം ആരാധകരെ അണിനിരത്താൻ സാധിച്ചതിൽ ബിസിസിഐ പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ നമുക്ക് അവസരം ലഭിക്കുകയാണെങ്കിൽ നമ്മളും ഇതുപോലെ ജനങ്ങളെ ഉപയോഗിക്കണം. നമ്മൾ അവരിൽ നിന്ന് അത് പഠിച്ചെടുക്കേണ്ടതുണ്ട്.”- മാലിക് പറയുന്നു.