മൊട്ടേറയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 25 റൺസിനും തകർത്ത ടീം ഇന്ത്യ ടെസ്റ്റ് പരമ്പര 3- 1 സ്വന്തം പേരിലാക്കി . പരമ്പരക്കൊപ്പം ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനത്തേക്ക് കുതിച്ച വിരാട് കോഹ്‌ലിയും സംഘവും ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്കും യോഗ്യത നേടി .
വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ സ്വന്തം മണ്ണിൽ നേടുന്ന തുടർച്ചയായ പത്താം ടെസ്റ്റ് പരമ്പര വിജയമാണ് . ക്യാപ്റ്റൻസി നേട്ടത്താൽ ഒട്ടനവധി റെക്കോർഡുകളും താരം സ്വന്തം പേരിലാക്കി . നാട്ടിൽ തുടർച്ചയായ പത്താം ടെസ്റ്റ് പരമ്പര നേട്ടം ഇന്ത്യ വിരാട് കൊഹ്ലിയുടെ കീഴിൽ കൈവരിച്ചപ്പോൾ ഓസീസ് ഇതിഹാസ നായകൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡ് ഒപ്പമെത്തി കോഹ്ലി .നാട്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ റിക്കി പോണ്ടിങിനൊപ്പം ഒന്നാമതാണ് വിരാട് കോഹ്ലി .
നാട്ടിൽ വിരാട് കോഹ്‌ലി നായകനായ ശേഷം ഇന്ത്യയുടെ ഇരുപത്തിമൂന്നാം ടെസ്റ്റ് വിജയമാണ് .സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടിയ നായകന്മാരുടെ പട്ടികയിൽ കോഹ്ലി മൂന്നാമതാണ് . 23 ടെസ്റ്റ് വിജയം സ്വന്തമാക്കിയ കോഹ്‌ലിക്ക് മുകളിൽ ലിസ്റ്റിൽ ഗ്രെയിo സ്മിത്ത് (30 ടെസ്റ്റ് വിജയം ) ,റിക്കി പോണ്ടിങ് (29 ടെസ്റ്റ് വിജയം ) എന്നിവർ മാത്രമാണ് ഇനിയുള്ളത് .
ഏറ്റവും കൂടുതൽ ഹോം ടെസ്റ്റ് വിജയങ്ങളുള്ള നായകന്മാർ :
Graeme Smith – 30
Ricky Ponting – 29
VIRAT KOHLI- 23*
Steve Waugh – 22
അതേസമയം ബാറ്റിങ്ങിൽ കോഹ്ലി മറക്കുവാൻ ആഗ്രഹിക്കുന്ന ഒരു പരമ്പര കൂടിയാണിത് .6 ഇന്നിങ്സിൽ നിന്ന് താരം അടിച്ചെടുത്തത് 172 റൺസ് മാത്രമാണ് . പരമ്പരയിൽ 2 തവണ കോഹ്ലി പൂജ്യത്തിൽ പുറത്തായി .