128 വർഷങ്ങളുടെ വലിയ ഇടവേളക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരികെയെത്തുന്നത്. തിങ്കളാഴ്ചയായിരുന്നു 2028 ലോസ് എയ്ഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി നടത്തിയത്. ഇതിനുശേഷം വലിയ ആവേശത്തിൽ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരൊക്കെയും. തങ്ങളുടെ ടീം ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് കാണാനായി ഓരോ ഇന്ത്യൻ ആരാധകനും കാത്തിരിക്കുകയാണ്.
പക്ഷേ ഇതിനിടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ഒരു പ്രധാന കാരണമായി മാറിയത് വിരാട് കോഹ്ലിയുടെ ജനപ്രീതിയാണ് എന്ന വാർത്ത പുറത്തുവരുന്നുണ്ട്. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മുംബൈയിൽ നടത്തിയ പ്രഖ്യാപനത്തിനിടെ ഇറ്റലിയുടെ ഒളിമ്പിക് ചാമ്പ്യൻ ഷൂട്ടറും ലോസ് എയ്ഞ്ചൽസ് 2028 ഒളിമ്പിക്സ് ഡയറക്ടറുമായ നിക്കോളോ കാംപ്രിയാനിയാണ് ഇതേ സംബന്ധിച്ചുള്ള പ്രസ്താവന പുറത്തുവിട്ടത്. എന്തുകൊണ്ടാണ് തങ്ങൾ 128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത് എന്ന് പറയുകയാണ് നിക്കോളോ.
“എന്റെ സുഹൃത്തായ വിരാട് കോഹ്ലിയാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവുമധികം ഫോളോവേഴ്സുള്ള അത്ലറ്റുകളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ അവന് 340 മില്യൺ ഫോളോവേഴ്സാണ് ഉള്ളത്. ലെബ്രോൺ ജെയിംസ്, ടോം ബ്രാഡി, ടൈഗർ വുഡ്‌സ് എന്നിവരെ ഒരുമിച്ചു കൂട്ടി നോക്കിയാലും വിരാട് കോഹ്ലിയുടെ ഫോളോവേഴ്സ് അവരുടെതിനെക്കാൾ കൂടുതലാണ്.”- നിക്കോളോ പറഞ്ഞു.
“ഇത്തരത്തിൽ ഒരു തീരുമാനം ലോസ് എയ്ഞ്ചൽസ് ഒളിമ്പിക്സിനെ സംബന്ധിച്ച് വലിയൊരു വിജയമാണ്. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയും ക്രിക്കറ്റ് ലോകവും വലിയ സന്തോഷത്തിലാണ്. കാരണം ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിലൂടെ അതിനൊരു ആഗോള സ്റ്റേജാണ് രൂപീകരിക്കപ്പെടുന്നത്. മാത്രമല്ല പരമ്പരാഗതമായി ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങൾക്ക് ഉപരിയായി മറ്റിടങ്ങളിലേക്കും ക്രിക്കറ്റ് വ്യാപിക്കാനും ഇത് സഹായകരമാവും.”- നിക്കോളോ കൂട്ടിച്ചേർത്തു. ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ബിസിസിഐയും വലിയ സന്തോഷത്തോടെ തന്നെയാണ് സ്വാഗതം ചെയ്തിട്ടുള്ളത്.
“ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതോടുകൂടി മറ്റൊരു ലോകം കൂടിയാണ് തുറക്കുന്നത്. ക്രിക്കറ്റിന് ആഗോളതലത്തിൽ വലിയ രീതിയിലുള്ള ജനപ്രീതി ഉണ്ടാവാൻ ഇത് സഹായകരമാവും. മാത്രമല്ല ക്രിക്കറ്റിലേക്ക് കൂടുതൽ സാമ്പത്തികപരമായ സഹായങ്ങൾ ഉണ്ടാവാനും ഇത് ഗുണം ചെയ്യും. കായികപരമായി നമ്മുടെ എക്കോസിസ്റ്റത്തെയും ഇത് സഹായിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്. മറ്റുതരത്തിലും ഒരുപാട് അവസരങ്ങളാണ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിലൂടെ ഉണ്ടാവാൻ പോകുന്നത്.”- ബിസിസിഐയുടെ സെക്രട്ടറി ജയ് ഷാ പറഞ്ഞു.