ഐതിഹാസിക വിജയത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തി ഇന്ത്യൻ താരങ്ങൾ : ആവേശ സ്വീകരണം


ഓസ്ട്രേലിയയിലെ മിന്നും  ടെസ്റ്റ്  ജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ തിരികെ നാട്ടിലെത്തി തുടങ്ങി . രണ്ട് മാസം നീണ്ടുനിന്ന  ഓസീസ് പര്യടനം അവസാനിച്ച് ഇന്ത്യൻ  ക്രിക്കറ്റ് താരങ്ങള്‍ മുംബൈ, ദില്ലി വിമാനത്താവളങ്ങളിലായി ഇന്ന് രാവിലെയാണ് പറന്നിറങ്ങിയത്. ആവേശകരമായ വരവേല്‍പ്പാണ് വിമാനത്താവളത്തിലും നാട്ടിലും  ഇന്ത്യൻ താരങ്ങൾക്കായി ആരാധകർ ഒരുക്കിയിരുന്നത് .

ആദ്യ ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് ശേഷം ഭാര്യയുടെ പ്രസവാനന്തരം  ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയശേഷം ഇന്ത്യയെ മുന്നില്‍നിന്ന് നയിച്ച അജിങ്ക്യ രഹാനെയെ  നാട്ടുകാര്‍ എടുത്തുയര്‍ത്തിയാണ്  താരത്തിന്റെ വീട്ടില്‍ എത്തിച്ചത്.

രഹാനെ കഴിഞ്ഞാല്‍ ബ്രിസ്ബേനിലെ  ഹീറോയായായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ  റിഷഭ് പന്തിലേക്കായിരുന്നു  ക്യാമറാ കണ്ണുകള്‍ മുഴുവനും . ഓസ്ട്രേലിയയിലെ മിന്നും ജയത്തിന്‍റെ സന്തോഷം റിഷഭ് പന്ത് ഏവരോടും  പങ്കുവെച്ചു. ഗാബയിലെ മികച്ച പ്രകടനത്തിലൂടെ റിഷഭ് പന്തിന്
ഐസിസി ടെസ്റ്റ് റാങ്കിംഗിലും നേട്ടമുണ്ടാക്കാനായിരുന്നു. കരിയര്‍ ബെസ്റ്റായ 13ആം സ്ഥാനത്താണ് ബാറ്റ്സ്മാൻമാരുടെ പട്ടികയില്‍ പന്തുള്ളത്. ഈ നേട്ടങ്ങളെക്കാളെല്ലാം  തനിക്ക്  എപ്പോഴും വലുത് ടീമിന്‍റെ ജയമാണെന്ന്  റിഷഭ് പന്ത് പറഞ്ഞു.

ഇന്ത്യൻപേസര്‍ മുഹമ്മദ് സിറാജ് വിമാനത്താവളത്തില്‍നിന്ന് നേരെ പോയത് ഹൈദരാബാദില്‍ അച്ഛന്‍റെ ശവകുടീരത്തിലേക്ക്. ഐപിഎല്ലിന് ശേഷം ഓസ്ട്രേലിയയില്‍ പര്യാടനത്തിന്  എത്തിയപ്പോഴായിരുന്നു സിറാജിന്‍റെ അച്ഛൻ മരിച്ചത്. ബന്ധുക്കളുടെ ഉപദേശം കൂടി കേട്ട സിറാജ്  ബിസിസിഐ സൗകര്യം  ഒരുക്കിയെങ്കിലും ഇന്ത്യയിലേക്ക്  തിരിച്ചില്ല. ഓസ്ട്രേലിയയില്‍ തുടര്‍ന്ന പേസര്‍ ഇന്ത്യക്കായി നന്നായി കളിക്കുകയും ചെയ്തു. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ താരമാണ് .

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ചൊവ്വാഴ്ച കളിക്കാര്‍ വീണ്ടും ഒന്നിച്ചുചേരും എന്നാണ് അറിയുവാൻ കഴിയുന്നത് . തുടര്‍ന്ന്
ഏഴ്  ദിവസത്തെ  ക്വാറന്റൈൻ പൂർത്തിയാക്കിയ  ശേഷം ഫെബ്രുവരി 2ന് എല്ലാവരും ഒരുമിച്ച് ടെസ്റ്റിനായി  പരിശീലനത്തിനിറങ്ങും. ചെന്നൈയില്‍ അഞ്ചാം തീയതി  ആണ്  ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത് .