വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ മൂന്നു തവണ ഡി.ആര്‍.എസ് എടുത്ത് അംപയറുടെ തീരുമാനം മാറ്റാന്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ്മക്ക് കഴിഞ്ഞു. ഫുള്‍ ടൈം ക്യാപ്റ്റനായ ശേഷം ആദ്യമായി നയിച്ച മത്സരത്തില്‍ തന്നെ ഡി.ആര്‍.എസി ല്‍ 100% വിജയശതമാനം ലഭിച്ചത്. ബ്രാവോ, നിക്കോളസ് പൂരാന്‍, ബ്രൂക്ക്സ് എന്നിവരുടെ വിക്കറ്റാണ് ഡി.ആര്‍.എസ് ലൂടെ നേടിയത്.
ക്യാപ്‌റ്റനായുള്ള ആദ്യ ഏകദിനത്തില്‍ തന്നെ ഡി.ആര്‍.എസ് ഉപയോഗത്തിലൂടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കറുടെ മതിപ്പ് നേടിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ഇന്നിംഗ്‌സ് ഇടവേളയ്‌ക്കിടെ ഡിആർഎസ് റിവ്യൂയൂവിനെ പറ്റി സംസാരിച്ച ഗവാസ്‌കർ ” എംഎസ് ധോണി ഇന്ത്യൻ ടീമിനൊപ്പമുള്ള കാലത്ത് ഡിആർഎസിനെ ‘ധോണി റഫറൽ സിസ്റ്റം’ എന്ന് വിളിച്ചപ്പോൾ, അതിനെ ‘രോഹിത് സിസ്റ്റം’ എന്ന് വിളിക്കേണ്ട സമയമാണിതെന്ന് തനിക്ക് തോന്നുന്നു ” എന്ന് സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു.
ഡിആർഎസ് കോളുകൾ തീരുമാനിക്കാൻ ക്യാപ്റ്റനെ സഹായിക്കുന്നതിൽ വിക്കറ്റ് കീപ്പർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവാസ്‌കർ കൂട്ടിച്ചേർത്തു, ബ്രൂക്‌സിന്റെ പുറത്താക്കലില്‍ എടുത്ത ഡി.ആര്‍.എസി ല്‍ റിഷഭ് പന്ത് താത്പര്യം കാണിച്ചിരുന്നില്ലാ. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലി ഇടപെട്ടാണ് ഡി.ആര്‍.എസ് വിളിക്കാന്‍ രോഹിത് തയ്യാറായത്.
“നിങ്ങൾ തെറ്റിദ്ധരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും, പക്ഷേ ഇവിടെ നിർണായക പങ്ക് വഹിക്കുന്നത് വിക്കറ്റ് കീപ്പറാണ്, കാരണം പന്ത് എവിടെയാണ് പിച്ച് ചെയ്തത് എന്നതിനെക്കുറിച്ച് അദ്ദേഹമാണ് പറയുക. പന്ത് പാഡുകളിലോ കാൽമുട്ടിന് താഴെയോ മുകളിലോ തട്ടിയാൽ ബൗളർ കാര്യങ്ങള്‍ പറയും. അല്ലാത്തപക്ഷം വിക്കറ്റ് കീപ്പറാണ് കാര്യങ്ങള്‍ പറയേണ്ടത്, ”സുനില്‍ ഗവാസ്കര്‍ വിശദീകരിച്ചു.