പാകിസ്ഥാൻ സൂപ്പർ ലീഗ് മാറ്റിവെച്ച തീരുമാനം വലിയ തെറ്റ് : രൂക്ഷ വിമർശനം ഉന്നയിച്ച് ഷാഹിദ് അഫ്രീദി

കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് മാറ്റിവെച്ചത് ക്രിക്കറ്റ് ലോകത്തെ ഏറെ വിഷമത്തിലാക്കിയിരുന്നു .എന്നാൽ കൊവിഡ് ബാധ വ്യാപിച്ചതിനെ തുടർന്ന് പാകിസ്താൻ സൂപ്പർ ലീഗ് മാറ്റിവച്ചത് തെറ്റെന്ന് അഭിപ്രായപെടുകയാണിപ്പോൾ   മുൻ  പാകിസ്ഥാൻ ഇതിഹാസ താരം ഷാഹിദ് അഫ്രീദി. കൊവിഡ്  ബാധിതരായവരെ പ്രത്യേകം ഐസൊലേറ്റ് ചെയ്ത് ടൂർണമെൻ്റ് തുടരുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുൻകരുതലുകൾ ഇല്ലാതെയാണ് പിസിബി ടൂർണമെൻ്റ് നടത്തിയതെന്നും അഫ്രീദി വിമർശനം ഉന്നയിച്ചു .

ഇത്തവണത്തെ പാകിസ്ഥാൻ സൂപ്പർ ലീഗുമായി  ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡിന്റെ കൈവശം  വ്യക്തമായ ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. കൊവിഡ് ബാധ ഉയർന്നതിനാൽ ടൂർണമെൻ്റ് മാറ്റിവച്ചത് തെറ്റാണ്. കൊവിഡ് പോസ്റ്റീവായവരെ അവർ പ്രത്യേകം ഐസൊലേറ്റ് ചെയ്യേണ്ടിയിരുന്നു. ടൂർണമെൻ്റ് തുടങ്ങുന്നതിന് മുൻപ് പിസിബി പ്രത്യേക മുൻകരുതലുകൾ എടുക്കാതിരുന്നത് ഏറെ ദുഖകരമായ സ്ഥിതിയാണ് ഉണ്ടാക്കിയത് .ഇത് തികച്ചും തെറ്റായിപ്പോയി ” മുൻ പാക് നായകൻ അഭിപ്രായം വ്യക്തമാക്കി .

മാർച്ച് നാലിനാണ് പാകിസ്ഥാൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ  മാറ്റിവച്ചത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫവാദ് അഹ്മദിനാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് താരങ്ങൾക്ക്  കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്.4 താരങ്ങളെയും ഒഴിവാക്കി ലീഗ് ഭംഗിയായി  മുന്നോട്ട് കൊണ്ടുപോകുവാൻ പാക് ബോർഡ്‌ തീരുമാനിച്ചെങ്കിലും 3 താരങ്ങൾ കൂടി കോവിഡ്ബാധ സ്ഥിതീകരിച്ചതോടെ പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ  നിർത്തിവെക്കുവാൻ തീരുമാനിച്ചു .