ഷെഫാലി വര്‍മ്മ – റെക്കോഡുകള്‍ നേടി ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം.

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വനിതയുടെ, അരങ്ങേറ്റ ടെസറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി ഷെഫാലി വെര്‍മ്മ. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലാണ് ഷെഫാലി ഈ റെക്കോഡ് നേടിയത്. 96 റണ്‍സ് നേടിയ ടീനേജ് താരം 75 റണ്‍സ് നേടിയ ചന്ദ്രകാന്ത് കൗളിന്‍റെ അരങ്ങേറ്റ റെക്കോഡാണ് തകര്‍ത്തത്.

152 പന്തില്‍ 96 റണ്‍സ് നേടിയ ഷെഫാലി സെഞ്ചുറിക്ക് തൊട്ടു മുന്‍പ് പുറത്തായി. 13 ഫോറും 2 സിക്സും ഈ ഇന്നിംഗ്സില്‍ പിറന്നിരുന്നു. അരങ്ങേറ്റ ടെസ്റ്റ് ക്രിക്കറ്റില്‍ സിക്സ് നേടുന്ന ആദ്യ വനിതയാണ് ഷെഫാലി വെര്‍മ്മ. അതുപോലെ ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം സിക്സ് മാത്രമാണ് ഇന്നലെ പിറന്നത്.

Shefali Verma and Smriti Mandhana

ആദ്യ ഇന്നിംഗ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഷെഫാലിയും സ്മൃതി മന്ദാനയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 167 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇത് ഇന്ത്യന്‍ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ്. 1984 ല്‍ ഗാര്‍ഗി ബാനര്‍ജി – സന്ധ്യ അഗര്‍വാള്‍ എന്നിവര്‍ നേടിയ 153 റണ്‍സ് റെക്കോഡാണ് തകര്‍ത്തത്.