സൂര്യകുമാർ സഞ്ജുവിനെക്കാൾ മികച്ച താരം. സഞ്ജുവിനെ ഒഴിവാക്കി സൂര്യയെ എടുത്തത് നല്ല തീരുമാനമെന്ന് ഹർഭജൻ.

2013 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചത് മുതൽ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് സൂര്യകുമാർ യാദവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. ഏകദിനങ്ങളിൽ മികച്ച ശരാശരിയുള്ള സഞ്ജു സാംസൺ അടക്കമുള്ളവർ ബാറ്റർമാരെ ഒഴിവാക്കിയാണ് ഇന്ത്യ മോശം ശരാശരിയുള്ള സൂര്യകുമാറിനെ ടീമിലെടുത്തത്.

ഇതിനെതിരെ മുൻ താരങ്ങളടക്കം പലരും രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ സൂര്യകുമാർ യാദവ് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ അണിനിരക്കേണ്ട താരം തന്നെയാണ് എന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറയുന്നത്. ചില സമയങ്ങളിൽ ഏകദിനങ്ങളിലെ റെക്കോർഡുകൾ പരിശോധിക്കേണ്ടതില്ല എന്നും ഹർഭജൻ പറയുന്നു.

സഞ്ജു സാംസണ് പകരം ലോകകപ്പ് സ്ക്വാഡിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തിയതിനെതിരെ പലയിടത്തുനിന്നും ചോദ്യങ്ങൾ ഉയരുമ്പോഴാണ് ഹർഭജന്റെ ഈ മറുപടി. “എന്നെ സംബന്ധിച്ച് സൂര്യകുമാർ യാദവ് ഒരു പൂർണ്ണനായ കളിക്കാരനാണ്. സഞ്ജുവിനെ ഒഴിവാക്കിക്കൊണ്ട് സൂര്യകുമാർ യാദവിനെ സ്ക്വാഡിൽ എടുത്തത് സെലക്ടർമാരുടെ ഒരു മോശം തീരുമാനമാണ് എന്ന് ഞാൻ കരുതുന്നില്ല. സഞ്ജുവിനെക്കാൾ മികച്ച രീതിയിൽ ലോകകപ്പിൽ കളിക്കാൻ സൂര്യകുമാർ യാദവിന് സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അയാൾക്ക് വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കും.”- ഹർഭജൻ പറഞ്ഞു.

“ആളുകൾ പലപ്പോഴും സംസാര വിഷയമാക്കുന്നത് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ സൂര്യകുമാർ യാദവിന്റെ റെക്കോർഡുകളാണ്. എന്നാൽ അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ മികവ് പുലർത്താൻ സൂര്യകുമാറിന് സാധിച്ചിട്ടുണ്ട്. അൻപതോവർ മത്സരത്തിൽ ഒരുപാട് ബോളുകൾ ബാക്കിയുള്ള സമയത്ത് സൂര്യകുമാർ യാദവ് ക്രീസിൽ എത്തുകയാണെങ്കിൽ, അങ്ങനെയൊരു സാഹചര്യത്തിൽ ഇന്ത്യയ്ക്ക് അവനെക്കാൾ മികച്ച ഒരു കളിക്കാരനുണ്ട് എന്ന് ഞാൻ കരുതുന്നില്ല. ആ പൊസിഷനിൽ രോഹിത് ശർമക്കോ വിരാട് കോഹ്ലിക്കോ പോലും സാധിക്കാത്തത് സൂര്യകുമാർ യാദവിന് സാധിക്കും.”- ഹർഭജൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചധികം മത്സരങ്ങളിലായി വളരെ മോശം പ്രകടനങ്ങളാണ് സൂര്യകുമാർ യാദവ് ഏകദിന മത്സരങ്ങളിൽ കാഴ്ചവച്ചത്. 2022ൽ ട്വന്റി0 ക്രിക്കറ്റിൽ തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ചതോടെ സൂര്യകുമാറില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യ വെച്ചിരുന്നത്. എന്നാൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലടക്കം വളരെ മോശം പ്രകടനം സൂര്യ പുറത്തെടുത്തു. നിലവിൽ ഇന്ത്യയുടെ എല്ലാ സ്ക്വാഡിലും സൂര്യകുമാർ അണിനിരക്കുന്നുണ്ട്. എന്നിരുന്നാലും ഇതുവരെ ഓർത്തുവയ്ക്കാൻ പാകത്തിനുള്ള ഒരു ഏകദിന ഇന്നിംഗ്സ് സൂര്യകുമാറിൽ നിന്ന് ഉണ്ടായിട്ടില്ല.