ഒടുവിൽ മറ്റൊരു ലങ്കൻ ഇതിഹാസം കൂടി വിരമിച്ചു : വിരമിക്കൽ പ്രഖ്യാപനവുമായി ശ്രീലങ്കൻ ഓപ്പണർ ഉപുൽ തരംഗ

ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ അന്താരാഷ്ട്ര  ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 16 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ്  കരിയറിനൊടുവിലാണ് 36കാരനായ തരംഗ ക്രിക്കറ്റില്‍ നിന്ന്  സമ്പൂർണ്ണ  വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏറ്റവും ഒടുവിലായി 2019ലാണ്  താരം ലങ്കൻ കുപ്പായം അണിഞ്ഞത് .ലങ്കയുടെ  ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തിലാണ്  തരംഗ അവസാനമായി ശ്രീലങ്കക്കായി കളിച്ചത് .

ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിന് ഇതാണ് മികച്ച സമയമെന്ന് പറഞ്ഞ തരംഗ കരിയറില്‍ തന്‍റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒരുപോലെ പിന്തുണച്ച ആരാധകര്‍ക്ക്  എല്ലാം  നന്ദി പറയുകയും ചെയ്തു.ട്വിറ്ററിലൂടെയാണ്‌ തരംഗ വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത് .

നേരത്തെ 2005ലാണ് ഉപുൽ  തരംഗ ശ്രീലങ്കക്കായി ക്രിക്കറ്റിൽ  അരങ്ങേറിയത്. ശ്രീലങ്കക്കായി 31 ടെസ്റ്റില്‍ കളിച്ചിട്ടുള്ള തരംഗ 31.89 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും എട്ട് അര്‍ധസെഞ്ചുറികളും അടക്കം 1754 റണ്‍സടിച്ചിട്ടുണ്ട്. ലങ്കക്കായി 235 ഏകദിനങ്ങളില്‍ കളിച്ച തരംഗ 33.74 ശരാശരിയില്‍ 6951 റണ്‍സും നേടി. ദിൽഷൻ ഒപ്പം ലങ്കക്കായി ഒട്ടേറെ  മത്സരങ്ങളിൽ  ഇന്നിംഗ്സ്  ഓപ്പണിങ് ചെയ്തിട്ടുള്ള തരംഗ തന്റെ ഇടംകൈയൻ ബാറ്റിങ്ങിനാൽ ഏറെ ആരാധകരെ സൃഷ്‌ടിച്ച താരം കൂടിയാണ് .കുറേ വർഷങ്ങളോളം ദിൽഷൻ :തരംഗ ഓപ്പണിങ് ജോഡി എതിർ ബൗളർമാരുടെ പേടി  സ്വപ്നമായിരുന്നു .ഏകദിനത്തില്‍ 15 സെഞ്ചുറികൾ കൂടാതെ 37 അര്‍ധസെഞ്ചുറികളും തരംഗയുടെ  അക്കൗണ്ടിലുണ്ട് .

ടി:20 കരിയറിൽ 26 മത്സരങ്ങളിൽ കളിച്ച തരംഗ ലങ്കക്കായി  16.28 റൺസ്  ശരാശരിയില്‍ 407  റൺസ് അടിച്ചെടുത്തിട്ടുണ്ട് . 2007,2011 ലോകകപ്പുകളിൽ  ഫൈനലിൽ വരെ എത്തിയ ശ്രീലങ്കൻ  സ്‌ക്വാഡിലും അംഗമായിരുന്നു തരംഗ .മലിംഗക്ക് പിന്നാലെ തരംഗ കൂടി വിരമിക്കൽ പ്രഖ്യാപിച്ചതോടെ ശ്രീലങ്കൻ  ടീമിലെ ഒരു  തലമുറ ക്രിക്കറ്റ് താരങ്ങളാണ് കളമൊഴിഞ്ഞത് .