ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ നായകനായി ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസ്സനെ തിരഞ്ഞെടുത്തു. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞ മൊനിമുള്‍ ഹഖിനു പകരമാണ് ഷാക്കീബിനെ നായകനായി പരിഗണിച്ചത്. ലിറ്റണ്‍ ദാസാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.
ഷാക്കീബ് അല്‍ ഹസ്സനു ഐസിസി വിലക്കേര്‍പ്പെടുത്തയപ്പോഴാണ് മൊനിമുള്‍ ഹഖ് ക്യാപ്റ്റനായത്. 17 ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ നയിച്ചപ്പോള്‍ 12 എണ്ണം പരാജയപ്പെട്ടു. മൂന്നു വിജയം നേടി. അതില്‍ ഒരു വിജയം ന്യൂസിലന്‍റിനെതിരെയുള്ള ചരിത്ര നേട്ടമാണ്.
നായകനായുള്ള ഷാക്കീബിന്‍റെ തിരിച്ചു വരവാണ് ഇത്. നേരത്തെ 2009 ല്‍ മൊഷ്റഫ മുര്‍ത്താസക്ക് പരിക്കേറ്റപ്പോള്‍ ടീമിനെ നയിച്ചത് ഷാക്കീബ് ആയിരുന്നു. 2017 ല്‍ മുഷഫ്ഖിര്‍ റഹീമില്‍ നിന്നുമാണ് മുഴുവന്‍ സ്ഥാന ക്യാപ്റ്റന്‍സി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ക്ക് ലഭിച്ചത്. എന്നാല്‍ 2019 ല്‍ വാതുവയ്പുകാര്‍ സമീപിച്ചത് അറിയിക്കാത്തതിനെ തുടര്‍ന്ന്, ബംഗ്ലാദേശ് താരത്തെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഷാക്കീബ് 14 മത്സരങ്ങളില്‍ ടീമിനെ നയിച്ചപ്പോള്‍ 3 മത്സരങ്ങള്‍ വിജയിച്ചു. 11 എണ്ണം തോല്‍വി നേരിട്ടു.
വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബംഗ്ലാദേശിന്‍റെ അടുത്ത മത്സരം. മൂന്നു വീതം ടി20 യും ഏകദിനവും ബംഗ്ലാദേശ് കളിക്കും. മഹ്മദ്ദുള്ളയും തമീം ഇക്ബാലുമാണ് യഥാക്രമം ടി20 ടീമിനേയും, ഏകദിന ടീമിനേയും നയിക്കുക.