ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം താര ലേലത്തിൽ ഏറെ പ്രതീക്ഷകളോടെ വിളിച്ചെടുത്ത പ്രമുഖ താരങ്ങളിലൊരാളാണ് ബംഗ്ലാദേശ് ആൾറൗണ്ടർ ഷാക്കിബ് അൽ ഹസ്സൻ .
എന്നാൽ താരം ഈ സീസണിലെ ഐപിൽ കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കകൾ ഉണ്ടായിരുന്നു .ഏപ്രിലില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ബംഗ്ലാദേശ് ടീം കളിക്കുന്നത്. ഈ സമയത്താണ് ഐപിഎല്‍ എന്നതിനാല്‍ ഷാക്കിബിന് ടെസ്റ്റ് പരമ്പര കളിക്കേണ്ടി വന്നാൽ ഐപിഎല്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടായിരുന്നു.
അതേസമയം കൊൽക്കത്ത ടീമിനും ആരാധകർക്കും ഏറെ സന്തോഷം നൽകുന്ന തീരുമാനമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിപ്പോൾ കൈകൊണ്ടത് .
ഇത്തവണത്തെ ഐപിഎല്ലിലേക്ക് കളിക്കുവാൻ അവസരം ലഭിച്ച ഷാക്കീബ് അല്‍ ഹസനെ ബംഗ്ലാദേശിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കും. ഷാക്കിബിന്‍റെ കൂടി അഭ്യര്‍ത്ഥന മാനിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഈ പുതിയ നടപടി. ഇതോടെ താരം ഐപിഎല്ലിൽ എല്ലാ മത്സരങ്ങൾക്കുമായി കൊൽക്കത്ത ടീമിനൊപ്പം കാണും .
നേരത്തെ വാതുവെപ്പുകാര്‍ തന്നെ ബന്ധപ്പെട്ട വിവരം ഐസിസി അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാത്തതിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പൂർണ്ണമായി ഒരുവർഷത്തെ നീണ്ട വിലക്ക് ലഭിച്ച താരമാണ് ഷാക്കിബ് .ഇതോടെ കഴിഞ്ഞ സീസൺ ഐപിഎല്‍ താരത്തിന് നഷ്ടമായിരുന്നു. വിലക്ക് അവസാനിച്ച ശേഷം ബംഗ്ലാദേശ് ടീമിലേക്ക് തിരികെ വന്ന ഷാക്കിബ് മികച്ച ആൾറൗണ്ട് പ്രകടനമാണ് പുറത്തെടുക്കുന്നത് .
ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ 3.2 കോടി രൂപ മുടക്കിയാണ് ഷാക്കിബിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. മുൻപ് 2012ലും 2014ലും ഗൗതം ഗംഭീറിന് കീഴില്‍ ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്ത ടീമില്‍ അംഗമായിരുന്നു ഷാക്കിബ്. അവസാന ഐപിൽ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം അംഗമായിരുന്നു ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ആൾറൗണ്ടറായ ഷാക്കിബ് .ഇതുവരെ 63 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഷാക്കിബ് 126.66 സ്ട്രൈക്ക് റേറ്റിൽ 746 റണ്‍സും 59 വിക്കറ്റും നേടിയിട്ടുണ്ട്.