കെല്‍ രാഹുലിനെ പുറത്താക്കാനുള്ള തന്ത്രം ആരുടെ ? ഷഹീന്‍ അഫ്രീദിയുടെ വെളിപ്പെടുത്തല്‍

Shaheen Afridi KL Rahul Wicket

ഐസിസി ടി20 ലോകകപ്പിലെ ഏറ്റവും മനോഹരമായ ബോളില്‍ ഒന്നായിരുന്നു, കെല്‍ രാഹുലിന്‍റെ സ്റ്റംപെടുത്ത ഷഹീന്‍ അഫ്രീദിയുടെ പന്ത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മ, കെല്‍ രാഹുല്‍ എന്നിവരെ പുറത്താക്കി മികച്ച തുടക്കമാണ് പാക്കിസ്ഥാനു നല്‍കിയത്. അവസാന നിമിഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയേയും പുറത്താക്കി 3  ന് 31 എന്ന ബൗളിംഗാണ് ഷഹീന്‍ അഫ്രീദി നടത്തിയത്.

ഇപ്പോഴിതാ കെല്‍ രാഹുലിന്‍റെ വിക്കറ്റെടുക്കാന്‍ ആരാണ് സഹായിച്ചതെന്ന് വെളിപ്പെടുത്തുകയാണ് പാക്കിസ്ഥാന്‍ പേസര്‍. 22 വര്‍ഷമായി പാക്കിസ്ഥാനുവേണ്ടി കളിക്കുന്ന മാലിക്കാണ് ഷഹീന്‍ അഫ്രീദിക്കു തന്ത്രം പറഞ്ഞു കൊടുത്തത്.

”അദ്ദേഹം എന്നോട് ലെംഗ്ത് ബോളെറിയാന്‍ ആവശ്യപ്പെട്ടു. ഫുള്‍ ലെംഗ്ത്ത് പന്തെറിയാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ വീണ്ടും ചോദിച്ചു, ലെംഗ്ത് പന്തെറിയണോ എന്ന്, അദ്ദേഹം എന്നോട് ഫുള്‍ ലെംഗ്ത് എറിയരുതെന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ ഉപദേശം അനുസരിച്ച് ആദ്യ ഓവറില്‍ അധികം സ്വിംഗ് ഇല്ലാതിരുന്നതിനാല്‍ ഞ‌ാന്‍ രാഹുലിനെതിരെ ലെംഗ്ത് ബോളെറിയാന്‍ തന്നെ തീരുമാനിച്ചു. അത് ഫലം കണ്ടു.” ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ വിക്കെറ്റെടുക്കാന്‍ സഹായിച്ച ഷോയിബ് മാലിക്കിനു  നന്ദി പറഞ്ഞു.

Read Also -  "ഇന്ത്യൻ ക്രിക്കറ്റർമാർ ധനികരാണ്. വിദേശ ലീഗുകളിൽ കളിക്കേണ്ട ആവശ്യമില്ല "- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി.

നിരവധി വര്‍ഷങ്ങളായി പാക്കിസ്ഥാനു വേണ്ടി കളിക്കുന്ന ഷോയിബ് മാലിക്കിനു എങ്ങനെ പന്തെറിയണം എന്നറിയാം. അതുകൊണ്ടാണ് ഉപദേശം തേടിയതെന്നും അഫ്രീദി പറഞ്ഞു. രോഹിത് ശര്‍മ്മയെ പുറത്താക്കിയത് മറ്റൊരു തന്ത്രംകൊണ്ടാണെന്നും അഫ്രീദി വെളിപ്പെടുത്തി.

”അദ്ദേഹത്തിനെതിരെ യോര്‍ക്കറുകള്‍ എറിയാനായിരുന്നു എന്‍റെ പദ്ധതി. രാഹുല്‍ സിംഗിളെടുത്ത് രോഹിത്തിന് സ്ട്രൈക്ക് നല്‍കിയപ്പോള്‍ ഞാന്‍ മനസില്‍ കരുതി. ഇതാണ് യോര്‍ക്കറെറിയാനുള്ള അവസരമെന്ന്. അദ്ദേഹത്തിന് പിഴച്ചാല്‍ ചെറിയ സ്വിംഗുള്ളതുകൊണ്ട് വിക്കറ്റ് കിട്ടുമെന്നുറപ്പ്. അത് സംഭവിക്കുകയും ചെയ്തു  ” ഷഹീന്‍ അഫ്രീദി വെളിപ്പെടുത്തി.

Scroll to Top