ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ലക്നൗനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രണ്ടാമത് എത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ നിശ്ചിത 20 ഓവറില്‍ 163 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 18 റണ്‍സിന്‍റെ വിജയമാണ് ബാംഗ്ലൂര്‍ നേടിയത്.
മത്സരത്തിനിടെ രസകരമായ കാര്യം അരങ്ങേറിയിരുന്നു. ലക്നൗ ഇന്നിംഗ്സില്‍ ഷഹബാസ് അഹമ്മദ് എറിഞ്ഞ 11ാം ഓവറിലെ രണ്ടാം പന്തില്‍ ദീപക്ക് ഹൂഡക്കെതിരെ സ്റ്റംപിങ്ങിനായി ദിനേശ് കാര്‍ത്തിക് കോണ്‍ഫിഡന്‍റായ ഒരു അപ്പീല്‍ നടത്തി. ഇത് കണ്ട ഷഹബാസ് അഹമ്മദ് വിക്കറ്റ് ആഘോഷിക്കാന്‍ തുടങ്ങി.
റിപ്ലേയില്‍ ദീപക്ക് ഹൂഡയുടെ കാല്‍ ക്രീസില്‍ ഉണ്ടായിരുന്നു. തേര്‍ഡ് അംപയറുടെ തീരുമാനം സ്ക്രീനില്‍ എത്തിയപ്പോള്‍ ചിരിച്ചുകൊണ്ടാണ് ഷഹബാസ് അഹമ്മദ് അതിനെ നേരിട്ടത്. ഷഹബാസ് അഹമ്മദിന്‍റെ ഈ സെലിബ്രേഷന്‍ കമന്‍റേറ്റര്‍മാര്‍ രസകരമായി ഏറ്റെടുത്തിരുന്നു.
വിജയത്തോടെ 7 മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റാണ് ബാംഗ്ലൂരിനുള്ളത്. ഹൈദരബാദിനെതിരെയാണ് ബാംഗ്ലൂരിന്‍റെ അടുത്ത മത്സരം.