രോഹിതിനെതിരെ ബോൾ ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്. രോഹിതിനോട് ആരാധനയുണ്ടെന്ന് പാക് താരം

2023 ഏകദിന ലോകകപ്പിനായി ഒരു ശക്തമായ ടീം തന്നെയാണ് ഇന്ത്യ അണിയിച്ചൊരുക്കിയിരിക്കുന്നത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ശുഭമാൻ ഗില്ലുമൊക്കെ അണിനിരക്കുന്ന ടീം പരിചയസമ്പന്നതയുടെയും യുവത്വത്തിന്റെയും ഒരു മിക്സ് തന്നെയാണ്. ഇന്ത്യൻ മണ്ണിൽ ലോകകപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യ തന്നെയാണ് ഇത്തവണത്തെ ഫേവറിറ്റുകൾ.

ഈ സാഹചര്യത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്റെ വൈസ് ക്യാപ്റ്റൻ ശതാബ് ഖാൻ. ലോകക്രിക്കറ്റിൽ ബോൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്ററാണ് രോഹിത് ശർമ എന്നാണ് പാക്കിസ്ഥാൻ വൈസ് ക്യാപ്റ്റൻ പറയുന്നത്. ക്രീസിലുറച്ചാൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അപകടകാരിയും രോഹിത് തന്നെയാണ് എന്ന് ശതാബ് പറയുന്നു.

താൻ രോഹിത് ശർമയുടെ വലിയൊരു ആരാധകനാണ് എന്ന് പറഞ്ഞു കൊണ്ടാണ് ശതാബ് ആരംഭിച്ചത്. “ഞാൻ രോഹിത് ശർമയെ അങ്ങേയറ്റം ആരാധിക്കുന്ന ഒരാളാണ്. നിലവിൽ ലോക ക്രിക്കറ്റിലെ മുൻനിര ബാറ്റർമാരിൽ പന്തറിയാൻ ഏറ്റവും പ്രയാസമുള്ളത് രോഹിത്തിനെതിരെയാണ്. രോഹിത് ക്രീസിലുറച്ചാൽ അദ്ദേഹം വളരെ അപകടകാരിയായ ഒരു ക്രിക്കറ്ററാണ്.

പിന്നീട് രോഹിത്തിനെ പുറത്താക്കാൻ നല്ല പ്രയാസവുമാണ്.”- ശതാബ് ഖാൻ പറയുന്നു. ഇതോടൊപ്പം ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന്റെ ഫോമും പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നുണ്ട് എന്ന് ശതാബ് പറയുകയുണ്ടായി. ഏഷ്യാകപ്പിലെ മോശം പ്രകടനങ്ങളിൽ നിന്ന് കരകയറാനാണ് ലോകകപ്പിൽ പാകിസ്ഥാൻ ശ്രമിക്കുന്നത് എന്നാണ് താരത്തിന്റെ വാദം.

“2023ലെ ഏഷ്യകപ്പ് പാകിസ്ഥാനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. പക്ഷേ അതാണ് ക്രിക്കറ്റിന്റെ സൗന്ദര്യം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തെറ്റുകളിൽ നിന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്. ഏഷ്യാകപ്പ് ടൂർണമെന്റിൽ പരാജയപ്പെട്ടതിന് ശേഷം ഞങ്ങൾക്ക് കുറച്ചധികം നാൾ വിശ്രമം ലഭിച്ചിരുന്നു. ലോകകപ്പ് എന്നത് വലിയൊരു ടൂർണമെന്റാണ്. അവിടെ സ്കിൻ ഗെയിമിനേക്കാൾ പ്രാധാന്യം നൽകേണ്ടത് മാനസികമായ ഗെയിമുകൾക്കാണ്.”- ശതാബ് കൂട്ടിച്ചേർത്തു.

ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശതാബ് ഖാൻ. ഇത്തവണ ഇന്ത്യൻ ടീമിനൊപ്പം പല മുൻ താരങ്ങളും സാധ്യത നൽകുന്ന ഒരു ടീം തന്നെയാണ് പാക്കിസ്ഥാനും. ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളികളായി പാകിസ്ഥാനുണ്ടാവുമെന്നും പല മുൻ താരങ്ങളും ഇതിനോടകം വിധി എഴുതിയിട്ടുണ്ട്.

എന്നിരുന്നാലും സമീപസമയത്തെ പാക്കിസ്ഥാന്റെ പ്രകടനങ്ങൾ അത്ര മികച്ചതല്ല. ഇന്ത്യക്കെതിരെ ഏഷ്യാകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഒരു വമ്പൻ പരാജയം ആയിരുന്നു പാക്കിസ്ഥാൻ നേരിട്ടത്. മാത്രമല്ല ഏഷ്യാകപ്പിന്റെ ഫൈനലിൽ പോലുമെത്താൻ പാകിസ്ഥാന് സാധിച്ചതുമില്ല. ഏഷ്യാകപ്പിന്റെ സൂപ്പർ 4 റൗണ്ടിൽ ഇന്ത്യയോടും ശ്രീലങ്കയോടും പാക്കിസ്ഥാൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.

പ്രധാനമായും പേസ് ബോളർമാരുടെ പരിക്കാണ് പാകിസ്താനെ ബാധിക്കുന്ന ഘടകം. ബാറ്റിംഗിൽ മധ്യനിരയുടെ സ്ഥിരത ഇല്ലായ്മയും ഈ ലോകകപ്പിൽ പാകിസ്ഥാന് തലവേദന ഉണ്ടാക്കുന്നു.