ഒരുപാട് നാടകീയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ രോഹിത് ശർമയും രവീന്ദ്ര ജഡേജയും ആദ്യ ദിവസം സെഞ്ചുറി സ്വന്തമാക്കിയിരുന്നു. എന്നാൽ എല്ലാവരുടെയും ഉള്ളിൽ വിങ്ങലായി മാറിയത് സർഫറാസിന്റെ വിക്കറ്റ് ആയിരുന്നു.
മത്സരത്തിൽ വളരെ നന്നായി കളിച്ച സർഫറാസ് ഖാൻ ജഡേജ വരുത്തിയ പിഴവിലൂടെ പുറത്താവുകയായിരുന്നു. ഇതിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ വികാര ഭരിതനാവുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം ആയിരിക്കുന്നത്. നിർണായക സമയത്ത് ജഡേജയുടെ പിഴവു മൂലം സർഫറാസിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യൻ നായകനെ നിരാശയിലാഴ്ത്തി.
മത്സരത്തിൽ ജഡേജ 99 റൺസിൽ നിൽക്കുന്ന സമയത്താണ് സർഫറാസ് പുറത്താവുന്നത്. മിഡ് ഓണിലേക്ക് പന്ത് നിക്ഷേപിച്ച് സിംഗിൾ നേടാനാണ് ജഡേജ ശ്രമിച്ചത്. എന്നാൽ റണ്ണെടുക്കാനായി ജഡേജ ആദ്യം തീരുമാനിച്ചെങ്കിലും, പിന്നീട് നിരസിക്കുകയായിരുന്നു.
എന്നാൽ ജഡേജയെ വിശ്വസിച്ച് നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന സർഫറാസ് ഖാൻ ക്രീസ് വിട്ടിറങ്ങി. ശേഷം തിരികെ എത്താനുള്ള സമയം സർഫറാസിന് ലഭിച്ചില്ല. മാർക്ക് വുഡ് ഒരു തകർപ്പൻ ത്രോയിലൂടെ സ്റ്റമ്പ് എറിഞ്ഞിടുകയും ഇതോടെ സർഫറസ് കൂടാരം കയറുകയുമാണ് ഉണ്ടായത്.
ശേഷമാണ് രോഹിത് ശർമ നിരാശയിൽ എത്തിയത്. ഡ്രസ്സിംഗ് റൂമിൽ ദേഷ്യം കൊണ്ട് തന്റെ തൊപ്പി വലിച്ചെറിയുന്ന രോഹിത് ശർമയെ വീഡിയോകളിൽ കാണാൻ സാധിക്കും.
തന്റെ അരങ്ങേറ്റ മത്സരത്തിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു സർഫറാസ് ഖാൻ കാഴ്ചവെച്ചത്. ഒരു തുടക്കക്കാരന്റെ മടിയില്ലാതെ ഇംഗ്ലണ്ട് ബോളിങ് നിരയെ ആക്രമിക്കാൻ സർഫറാസിന് സാധിച്ചു. മത്സരത്തിൽ 48 പന്തുകളിൽ നിന്നാണ് സർഫറാസ് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്.
ഇതോടെ ഒരു വമ്പൻ റെക്കോർഡും സർഫറാസ് തന്റെ പേരിൽ ചേർത്തിരുന്നു. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റ മത്സരങ്ങളിൽ ഏറ്റവും വേഗതയിൽ അർത്ഥസെഞ്ച്വറി സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡിൽ ഹർദിക് പാണ്ഡ്യയ്ക്കൊപ്പം എത്താൻ സർഫറാസിന് സാധിച്ചു. മുൻപ് 48 പന്തുകളിൽ ഹർദിക്കും അർദ്ധ സെഞ്ച്വറി പൂർത്തീകരിച്ചിരുന്നു.
മത്സരത്തിൽ 66 പന്തുകൾ നേരിട്ട സർഫറാസ് 62 റൺസാണ് നേടിയത്. മറുവശത്ത് രോഹിത് ശർമയും ജഡേജയും ഇന്ത്യക്കായി മികച്ച ബാറ്റിങ് പ്രകടനവും പുറത്തെടുത്തു. തന്റെ പതിനൊന്നാം ടെസ്റ്റ് സെഞ്ച്വറി മത്സരത്തിൽ നേടിയ രോഹിത് 131 റൺസാണ് കൂട്ടിച്ചേർത്തത്. ജഡേജ 110 റൺസുമായി പുറത്താവാതെ നിൽക്കുന്നു.
ഇങ്ങനെ മത്സരത്തിന്റെ ആദ്യ ദിവസം 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം ദിവസവും ഈ ആധിപത്യം അങ്ങേയറ്റം മുതലാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാൽ തന്നെ സർഫറാസിന്റെ കാര്യത്തിൽ സംഭവിച്ച തെറ്റ് ഇനി ആവർത്തിക്കാതിരിക്കാനും ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്.