ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദ് 149 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 61 റണ്‍സിന്‍റെ വിജയമാണ് സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ നേടിയത്.
മത്സരത്തില്‍ നായകനായിരുന്നു സഞ്ചു സാംസണായിരുന്നു മാന്‍ ഓഫ് ദ മാച്ച്. 27 പന്തില്‍ 5 സിക്സും 3 ഫോറുമടക്കം 55 റണ്‍സാണ് താരം നേടിയത്. ഈ സീസണില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ലഭിക്കുന്ന ആദ്യ ക്യാപ്റ്റന്‍ കൂടിയാണ് മലയാളി താരമായ സഞ്ചു സാംസണ്‍.
ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ വളരെ വിത്യസ്തമായ വിക്കറ്റായിരുന്നു എന്നും ടെസ്റ്റ് മാച്ച് ലെങ്തില്‍ പന്തെറിഞ്ഞാല്‍ വിക്കറ്റ് ഫാസ്റ്റ് ബോളര്‍മാരെ സഹായിക്കും എന്നും സഞ്ചു സാംസണ്‍ മത്സര ശേഷം പറഞ്ഞു. ഐപിഎല്ലിലെ ലക്ഷ്യങ്ങളെ പറ്റിയും സഞ്ചു സാംസണ്‍ അറിയിച്ചു. ”ദീർഘകാല ലക്ഷ്യങ്ങളൊന്നുമില്ല, കഴിയുന്നത്ര വിജയിക്കാനും ടീമിന്റെ വിജയത്തിന് സംഭാവന നൽകാനും ആഗ്രഹിക്കുന്നു. എന്റെ ഫിറ്റ്നസ്, ഗെയിമിനെ മനസ്സിലാക്കുന്നത്, സാഹചര്യങ്ങൾ മനസ്സിലാക്കൽ, എന്റെ സ്കോറിംഗ് ഓപ്ഷനുകൾ തിരഞ്ഞെടുക്കൽ എന്നിവയിൽ ഞാന്‍ ശ്രദ്ധിക്കുകയാണ്. തിരക്കില്ല. വിക്കറ്റില്‍ ധാരാളം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് ” സഞ്ചു സാംസണ്‍ പറഞ്ഞു.
മെഗാ ലേലത്തില്‍ ചില കാര്യങ്ങള്‍ താനും തീരുമാനമെടുത്തു എന്നും സംഗയേപ്പോലെയുള്ള ക്രിക്കറ്റ് ജീനിയസുകള്‍ മികച്ചൊരു സ്ക്വാഡിനെ ലഭിക്കാന്‍ സഹായിച്ചു എന്ന് സഞ്ചു സാംസണ്‍ വെളിപ്പെടുത്തി. ഓരോ സീസണും സ്വപ്നങ്ങളുമായി എത്തുന്ന ടീമിന് ഫ്രാഞ്ചൈസി നല്‍കുന്ന പിന്തുണയെ ക്യാപ്റ്റന്‍ സഞ്ചു പ്രത്യേകം പരാമര്‍ശിച്ചു.