ഐപിഎല്ലിലെ ജീവന്‍ മരണ പോരാട്ടത്തില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ ഒറ്റ അക്ക സ്കോറില്‍ പുറത്ത്. രാജസ്ഥാന്‍റെ പ്രതീക്ഷയായ സഞ്ചുവിന് മുംബൈക്കെതിരെയുള്ള മത്സരത്തില്‍ തിളങ്ങാനായില്ലാ. 6 പന്തില്‍ 3 റണ്‍സെടുത്ത് ജിമ്മി നീഷാമിന്‍റെ പന്തിലാണ് സഞ്ചു സാംസണ്‍ പുറത്തായത്.
ജിമ്മി നീഷാമിനെ കവറിലൂടെ അടിക്കാനുള്ള ശ്രമത്തിനിടെ പോയിന്‍റില്‍ ജയന്ത് യാദവിന്‍റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. സഞ്ചു സാംസണ്‍ പുറത്തായതോടെ 41 ന് 3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ റോയല്‍സ് വീണു. നേരത്തെ ആദ്യ വിക്കറ്റില്‍ ജയ്സ്വാള്‍ – ലെവിസ് സഖ്യം 27 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
ഈ സീസണില്‍ ഇതുവരെ 13 മത്സരങ്ങളില്‍ നിന്നും 483 റണ്‍സാണ് സഞ്ചു സാംസണ്‍ നേടിയത്. 1 സെഞ്ചുറിയും 2 അര്‍ദ്ധസെഞ്ചുറിയുമാണ് ടൂര്‍ണമെന്‍റില്‍ നേടിയത്. 119 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍.
മരണമുഖത്തുള്ള രണ്ട് ടീമുകളാണ് മുഖാമുഖം വരുന്നത്. തോറ്റാൽ പുറത്തേക്ക്, ജയിച്ചാൽ ലൈഫ് ലൈന്‍ എന്നതാണ് ടീമുകളുടെ അവസ്ഥ. മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയൽസിനും ഇന്നത്തേത് അടക്കം രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നെറ്റ് റൺറേറ്റ് ദയനീയമായതിനാല്‍ മുന്നോട്ടുപോകണമെങ്കില്‍ തുടര്‍ജയങ്ങള്‍ മാത്രമാണ് വഴി
20 പോയിന്‍റുമായി ക്വാളിഫയറിലെത്തിയ ഡൽഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 പോയിന്റുമായി രണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 16 പോയിന്‍റുമായി മൂന്നും സ്ഥാനത്തുണ്ട്. 12 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നാലാം സ്ഥാനത്ത്. 10 പോയിന്‍റുമായി പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിനായി പ്രതീക്ഷയോടെ തൊട്ടുപിന്നിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവും പിന്നിൽ.