സഞ്ജു അടക്കം ബിസിസിഐയുടെ കായികക്ഷമത പരീക്ഷ തോറ്റ ആറ് താരങ്ങൾക്കും ഒരവസരം കൂടി ലഭിക്കും

ബിസിസിഐ യോയോ ടെസ്റ്റിന് പുറമെ താരങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ രണ്ട് കി.മീ ഓട്ടപ്പരീക്ഷയില്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ ഉള്‍പ്പടെ ആറ് താരങ്ങള്‍ പരാജയപ്പെട്ടതായി റിപോർട്ടുകൾ . ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാട്ടിയ, സിദ്ധാര്‍ഥ് കൗള്‍, ജയദേവ് ഉനദ്‌കട്ട് എന്നിവരാണ് തോറ്റ മറ്റ് താരങ്ങളെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു
ഫിറ്റ്‌നസ് പരീക്ഷ. 

എന്നാൽ കായികക്ഷമത പരീക്ഷയിൽ  പരാജയപ്പെട്ട എല്ലാവർക്കും ഒരവസരം കൂടി ലഭിക്കും എന്നാണ് ലഭിക്കുന്ന  സൂചനകൾ .പുതിയ ഫിറ്റ്‌നസ് പരീക്ഷയാണ് രണ്ട് കി.മീ ഓട്ടം എന്നതിനാല്‍ വീണ്ടുമൊരു അവസരം കൂടി താരങ്ങള്‍ക്ക് ബിസിസിഐ നല്‍കും. ഇതിന്‍റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഓട്ടപ്പരീക്ഷയില്‍ വീണ്ടും പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷമുള്ള  വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി അവരെ പരിഗണിക്കില്ല എന്നാണ് സൂചന. അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുക. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ അവസാന പര്യടനത്തില്‍ ടി20 ടീമിലുണ്ടായിരുന്ന താരമാണ് സഞ്ജു സാംസണ്‍. 

താരങ്ങളുടെ ഫിറ്റ്‌നസ് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് യോയോ ടെസ്റ്റിന് പുറമെ രണ്ട് കി.മീ ഓട്ടം കൂടി ഫിറ്റ്‌നസ് പരീക്ഷയില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയത്. കായികക്ഷമത പരീക്ഷക്കുള്ള പുതുക്കിയ നിയമാവലി അനുസരിച്ച് പേസര്‍മാര്‍ എട്ട് മിനുറ്റ് 15 സെക്കന്‍ഡിലും ബാറ്റ്സ്‌മാന്‍മാരും വിക്കറ്റ് കീപ്പര്‍മാരും സ്‌പിന്നര്‍മാരും എട്ട് മിനുറ്റ് 30 സെക്കന്‍ഡിലും രണ്ട് കി.മീ ദൂരം പിന്നിടണം. അതേസമയം യോയോ ടെസ്റ്റിന്‍റെ കുറഞ്ഞ യോഗ്യതാ മാര്‍ക്ക് 17.1 ആയി തുടരും. 



Previous articleബൗളിംഗ് ആക്ഷൻ നിയമപരം :നിസാര്‍ഗ് പട്ടേലിന് ഇനി പന്തെറിയാമെന്ന് ഐസിസി
Next articleനിങ്ങൾക്ക് മസാലയാണ് വേണ്ടതെങ്കിൽ വെറുതെ കുഴിച്ച്‌ നോക്കേണ്ട അത് കിട്ടില്ല : കൊഹ്ലിയുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സ് തുറന്ന് രഹാനെ