രാജസ്ഥാനുവേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെവാട്ടിയയെ തുടർച്ചയായി സിക്സറുകൾ അടിക്കുന്നത് ശക്തമായ പ്രസ്താവനയാണ്. ഡെത്ത് ഓവറുകളിൽ വിസ്മയം കാട്ടാറുള്ള മുസ്താഫിസുറിനെ 103 മീറ്റർ ദൂരത്തേയ്ക്ക് പറപ്പിക്കുന്നത് അതിനേക്കാൾ ശക്തമായ പ്രസ്താവനയാണ്!
പേസും സ്പിന്നും ഞാൻ ഫലപ്രദമായി കൈകാര്യം ചെയ്യും എന്ന് ഋതുരാജ് ഗെയ്ക്ക്വാദ് വിളിച്ചുപറയുകയാണ്. ഒരു കംപ്ലീറ്റ് ബാറ്റ്സ്മാനെപ്പോലെയാണ് ഋതുരാജ് കളിക്കുന്നത്. അയാളുടെ അനുവാദമില്ലാതെ ഒരില പോലും അനങ്ങില്ല എന്ന മട്ടിലുള്ള ആധിപത്യവും നിയന്ത്രണവും!
പൃഥ്വി ഷോ,ശുഭ്മാൻ ഗിൽ,ശ്രേയസ് അയ്യർ,ഋഷഭ് പന്ത് മുതലായ യുവതാരങ്ങൾക്ക് ലഭിച്ച വാർത്താപ്രാധാന്യം ഋതുരാജിന് കിട്ടിയിരുന്നില്ല. ‘ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി’ എന്ന് ഏതെങ്കിലും പണ്ഡിതർ ഋതുരാജിനെ വിശേഷിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഋതുരാജിൻ്റെ പെർഫോമൻസ് ചെന്നൈ ടീമിനെ പോലും അമ്പരപ്പിക്കുന്നുണ്ടാവും എന്ന് തീർച്ച.
സെഞ്ച്വറി പൂർത്തിയാക്കണമെങ്കിൽ അവസാന പന്തിൽ സിക്സർ നേടണം എന്ന അവസ്ഥയിലും അയാൾക്ക് പിഴച്ചില്ല. ടെക്നിക്കലി സൗണ്ട് & മെൻ്റലി സ്ട്രോങ്ങ്! അതുകൊണ്ടാണ് അയാൾ കംപ്ലീറ്റ് ബാറ്റർ എന്ന തോന്നൽ സമ്മാനിക്കുന്നത്.
എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ട ഋതുരാജ് ഇന്ത്യൻ ക്രിക്കറ്റിനെ അത്യുന്നതങ്ങളിലെത്തിക്കുമോ? കാത്തിരിന്നു കാണാം…!
എഴുതിയത് -Sandeep Das