ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ 8 വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം 8.2 ഓവറിൽ വെറും രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് മറികടന്നു. 25 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ചു ഫോറുമടക്കം 50 റൺസോടെ പുറത്താകാതെ നിന്ന ഇഷാൻ കിഷനാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്.
നേരത്തെ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത മുംബൈക്കു വേണ്ടി മികച്ച പ്രകടനമാണ് ബോളര്‍മാര്‍ കാഴ്ച്ചവച്ചത്. ലൂയിസ് (24), ജയ്‌സ്വാള്‍ (12), ഡേവിഡ് മില്ലര്‍ (15), രാഹുല്‍ തേവാട്ടിയ (12) എന്നിവരൊഴികെ മറ്റാരും മുംബൈ നിരയില്‍ രണ്ടക്കം കടന്നില്ല. 3 റണ്‍സുമായി നായകന്‍ സഞ്ജു സാംസണ്‍ കൂടി പുറത്തായതോടെ രാജസ്ഥാന്‍ ഏറെക്കുറെ അപകടം മണത്തിരുന്നു. 4 ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടിയ കോള്‍ട്ടര്‍നൈല്‍ ആണ് രാജസ്ഥാനെ 100 കടത്താന്‍ അനുവദിക്കാതിരുന്നത്. 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജിമ്മി നീഷവും ബോളര്‍മാരില്‍ തിളങ്ങി.
മത്സരത്തില്‍ തോല്‍വി നേരിട്ടത്തോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേയോഫ് സാധ്യതകള്‍ ഇല്ലാതായി. ബാറ്റ് ചെയ്യാന്‍ പ്രായസപ്പെട്ട വിക്കറ്റായിരുന്നു ഇത് എന്നാണ് സഞ്ചു സാംസണ്‍ മത്സര ശേഷം പറഞ്ഞത്. ” ബാറ്റ് ചെയ്യാന്‍ വളരെ ചലഞ്ചിങ്ങായിരുന്ന വിക്കറ്റായിരുന്നു ഇത്. ആദ്യ ഇന്നിംഗ്സില്‍ വളരേയേറെ കടുപ്പമായിരുന്നു ഇത്. അബുദാബിയില്‍ നിന്നും ഷാര്‍ജയില്‍ കളിക്കുന്നത് വളരെയേറെ വിത്യാസമുണ്ട്. ബാറ്റസ്മാന്‍മാരെ ഒരുപാട് കുറ്റം പറയാന്‍ പറ്റില്ലാ. ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാന്‍ പാടായിരുന്നു ”
” അബുദാബിയിലെ ബാറ്റിംഗ് പിച്ചില്‍ നിന്നും ഷാര്‍ജയിലേക്ക് മാറിയത് വളരെ ബുദ്ധിമുട്ടായി. മനസ്സ് കാര്‍മേഖം മുടികിടക്കുകയാണ്. കുറച്ച് സമയം എടുത്ത് അടുത്ത മത്സരത്തെക്കുറിച്ച് ആലോചിക്കണം. അടുത്ത മത്സരത്തില്‍ ഞങ്ങള്‍ക്ക് മികച്ച ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹിക്കുന്നത്. ” സഞ്ചു സാംസണ്‍ പറഞ്ഞു.
13 മത്സരങ്ങളില്‍ 10 പോയിന്‍റുമായി രാജസ്ഥാന്‍ റോയല്‍സ് ഏഴാമതാണ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ അടുത്ത മത്സരം കൊല്‍ക്കത്തക്കെതിരെയാണ്.