ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചു ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിലാണ് ഗുജറാത്ത് മറികന്നത്. ഇതോടെ 6 മത്സരങ്ങളില്‍ നിന്നായി 10 പോയിന്‍റുമായി ഗുജറാത്ത് ഒന്നാമത് എത്തിയപ്പോള്‍ 2 പോയിന്‍റുമായി ചെന്നൈ ഒന്‍പതാമതാണ്.
51 പന്തില്‍ 94 റണ്‍ നേടിയ ഡേവിഡ് മില്ലറാണ് മത്സരം ഗുജറാത്തിനു അനുകൂമാക്കിയത്. മില്ലറോടൊപ്പം റാഷീദ് ഖാന്‍റെയും പോരാട്ടം എടുത്ത് പറയേണ്ടതാണ്. 87 ന് 5 എന്ന നിലയില്‍ പരുങ്ങിയ ഗുജറാത്തിനായി 70 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. മത്സരത്തിലെ ക്യാപ്റ്റന്‍ കൂടിയായിരുന്നു റാഷീദ് ഖാന്‍. ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് പരിക്കേറ്റപ്പോള്‍ റാഷീദ് ഖാനായിരുന്നു ഗുജറാത്തിന്‍റെ ചുമതല.
ബോളിംഗില്‍ വിക്കറ്റ് നേടാന്‍ റാഷീദ് ഖാന് കഴിഞ്ഞിരുന്നില്ലാ. ഐപിഎല്ലിലെ 100ാം വിക്കറ്റിനായി അഫ്ഗാന്‍ താരം കാത്തിരിപ്പ് തുടരുകയാണ്. ബോളിംഗിലെ ക്ഷീണം ബാറ്റിംഗില്‍ ക്യാപ്റ്റന്‍ തീര്‍ത്തു. 21 പന്തില്‍ 2 ഫോറും 3 സിക്സും അടക്കം 40 റണ്ണാണ് റാഷീദ് നേടിയത്. അഫ്ഗാന്‍ താരത്തിന്‍റെ കരിയറിലെ ഉയര്‍ന്ന സ്കോറും ഇതാണ്.
പതിയെ തുടങ്ങിയ റാഷീദ് ഖാന്‍, ജോര്‍ദ്ദാന്‍റെ ഓവറിലാണ് ഗീയര്‍ മാറ്റിയത്. ആ ഓവറില്‍ നിന്നായി 23 റണ്ണാണ് റാഷീദ് ഖാന്‍ നേടിയത്. ബ്രാവോയുടെ പന്തില്‍ പുറത്തായെങ്കിലും ഗുജറാത്തിനെ ലക്ഷ്യത്തിന്‍റെ അടുത്ത് എത്തിച്ചിരുന്നു. മത്സരത്തില്‍ ധോണിയെ സാക്ഷിയാക്കി ഹെലികോപ്റ്റര്‍ ഷോട്ടടക്കം കളിച്ചിരുന്നു.