ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ പത്തു വിക്കറ്റ് തോല്‍വി വഴങ്ങിയത് ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാനായിട്ടില്ലാ. പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലാണ് പാക്കിസ്ഥാനു വിജയം സമ്മാനിച്ചത്. ആദ്യ രണ്ടോവറില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ പുറത്താക്കിയപ്പോള്‍ അതില്‍ നിന്നും ഇന്ത്യക്ക് കരകയറാനായില്ലാ.
ദുബായില്‍ നടന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അഫ്രീദി രോഹിതിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഇപ്പോഴിതാ അന്നത്തെ മത്സരത്തില്‍ രോഹിതിനെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ നല്‍കിയത് താനാണ് എന്ന് വെളിപ്പെടുത്തുകയാണ് മുന്‍ പാക്കിസ്ഥാന്‍ നായകനും ക്രിക്കറ്റ് ബോര്‍ഡ് അംഗവുമായ റമീസ് രാജ.
ലോകകപ്പിനു മുന്‍പ് ബാബര്‍ അസമും ചീഫ് സെലക്ടറും കാണാന്‍ എത്തിയപ്പോഴായിരുന്നു റമീസ് രാജ തന്ത്രങ്ങള്‍ നല്‍കിയത്. അന്ന് ബാബര്‍ അസം അത് താത്പര്യപൂര്‍വ്വം കേട്ടു എന്ന് റമീസ് രാജ പറഞ്ഞു.
” ഷഹീന്‍ അഫ്രീദിയെക്കൊണ്ട് 100 മൈല്‍ വേഗത്തില്‍ പന്തെറിയിക്കു. ഷോര്‍ട്ട് ലെഗ്ഗില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തുക, അതുപോലെ ഇന്‍സ്വിംഗിഗ് യോര്‍ക്കര്‍ 100 മൈല്‍ വേഗത്തിലെറിയുക. സിംഗിള്‍ കൊടുക്കാതിരിക്കുക. അയാളെ പുറത്താക്കാനാവുമെന്നും ഞാന്‍ അവരോട് പറഞ്ഞു ” റമീസ് രാജ ബിബിസി പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 17.5 ഓവറില്‍ വിജയം നേടി.