സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡീകോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.കുടുംബവുമായി കൂടുതല്‍ നേരം ചെലവഴിക്കാനായാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചത്. ആദ്യത്തെ ടെസ്റ്റിനു ശേഷം വിക്കറ്റ് കീപ്പര്‍ താരം പിതൃത്വ അവധിയില്‍ പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഭാര്യയും പുതിയ കുട്ടിയുടെ ജനനത്തിനായി കാത്തിരിക്കുകയാണ്.
” ഇത് ഞാൻ വളരെ എളുപ്പത്തിൽ എടുത്ത തീരുമാനമല്ല. ഞാനും സാഷയും ഞങ്ങളുടെ ആദ്യത്തെ കുട്ടിയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യാനും അതിനപ്പുറം ഞങ്ങളുടെ കുടുംബത്തെ വളർത്താനും നോക്കുമ്പോൾ എന്റെ ഭാവി എങ്ങനെയാണെന്നും എന്റെ ജീവിതത്തിൽ എന്താണ് മുൻഗണന നൽകേണ്ടതെന്നും ചിന്തിക്കാൻ ഞാൻ വളരെയധികം സമയമെടുത്തു. എന്റെ കുടുംബമാണ് എനിക്ക് എല്ലാം, ഞങ്ങളുടെ ജീവിതത്തിലെ പുതിയതും ആവേശകരവുമായ ഈ അധ്യായത്തിൽ അവരോടൊപ്പം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ” ഡീകോക്ക് കുറിച്ചു.
സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റില്‍ ഡീകോക്ക് ഭാഗമായിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ ഡീകോക്കിനു സാധിച്ചില്ലാ. 34 ഉം 21 ഉം റണ്‍സായിരുന്നു താരത്തിന്‍റെ നേട്ടം. വിക്കറ്റിനു പിന്നില്‍ വിശ്വസ്തനായ താരത്തിന്‍റെ വിരമിക്കല്‍ സൗത്താഫ്രിക്കക്ക് തിരിച്ചടിയാണ്.
2014 ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ക്വിന്‍റണ്‍ ഡീകോക്ക് 54 ടെസ്റ്റുകള്‍ കളിച്ചു. 3300 റണ്‍സും നേടി. 39 ശരാശരിയില്‍ ബാറ്റ് ചെയ്ത താരം 6 സെഞ്ചുറിയും നേടി. വിക്കറ്റിനു പിന്നില്‍ 221 ക്യാച്ചും 11 സ്റ്റംപും ചെയ്തു പുറത്താക്കി.
4 ടെസ്റ്റ് മത്സരങ്ങളില്‍ സൗത്താഫ്രിക്കയെ നയിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 2 എണ്ണത്തില്‍ പരാജയപ്പെട്ടു. 29 കാരനായ താരം മറ്റ് ഫോര്‍മാറ്റുകളില്‍ തുടരും.
തുടക്കം മുതൽ ടെസ്റ്റ് ക്രിക്കറ്റ് യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി പറഞ്ഞ വിക്കറ്റ് കീപ്പര്‍ താരം ഇന്ത്യയ്‌ക്കെതിരായ ഈ ടെസ്റ്റ് പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ആശംസകളും നേര്‍ന്നു. ഏകദിനത്തിലും ടി20യിലും കാണാം എന്നും ഡീകോക്ക് അറിയിച്ചു