ഇന്ത്യയും അഫ്ഗാനും അടുത്ത മത്സരം ജയിച്ചാൽ ഓസീസ് പുറത്ത്. മരണഗ്രൂപ്പിൽ പോരാട്ടം കടുക്കുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പർ 8 മത്സരത്തിൽ ത്രില്ലിംഗ് വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ 21 റൺസിന്റെ ചരിത്ര വിജയം സ്വന്തമാക്കിയതോടെ അഫ്ഗാനിസ്ഥാന്റെ സെമിഫൈനൽ സാധ്യതകൾ നിലനിൽക്കുകയാണ്. മാത്രമല്ല ഈ വിജയത്തോടെ സൂപ്പർ എട്ടിലെ ഒന്നാം ഗ്രൂപ്പ് മരണ ഗ്രൂപ്പായി മാറിയിരിക്കുന്നു.

നിലവിൽ ഇന്ത്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ 4 ടീമുകൾക്കും സെമിഫൈനലിൽ എത്താനുള്ള സാധ്യതകളുണ്ട്. പക്ഷേ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ പരാജയം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഓസ്ട്രേലിയയെയാണ്. ഇന്ത്യക്കെതിരെ അവശേഷിക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം ഓസ്ട്രേലിയ ഈ ലോകകപ്പിൽ നിന്ന് പുറത്താവാനുള്ള സാധ്യത വളരെ അധികമാണ്.

ഇന്ത്യയെ സംബന്ധിച്ച് സെമിഫൈനൽ എത്തുക എന്നത് വളരെ അനായാസ കാര്യമാണ്. അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് സെമിഫൈനലിൽ സ്ഥാനം കണ്ടെത്താൻ സാധിക്കും. മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ചെറിയ പരാജയം നേരിട്ടാലും അത് ഇന്ത്യയെ ബാധിക്കുന്നില്ല. കാരണം ഇന്ത്യയുടെ നെറ്റ് റൺറേറ്റ് 2.43 എന്നതാണ്.

പക്ഷേ മത്സരത്തിൽ വലിയ പരാജയം നേരിടുകയാണെങ്കിൽ ഇന്ത്യ പുറത്താകാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും സെമി ഫൈനലിലേക്ക് യോഗ്യതയും നേടും. എന്നാൽ അതിനുള്ള ചാൻസ് വളരെ കുറവാണ്.

മറുവശത്ത് ഓസ്ട്രേലിയയെ സംബന്ധിച്ച് സാഹചര്യം കൂടുതൽ കഠിനമാണ്. നാളെ നടക്കുന്ന ഇന്ത്യയ്ക്ക് എതിരായ മത്സരത്തിൽ വിജയം നേടിയാലെ ഓസ്ട്രേലിയക്ക് സെമിയിലെത്താൻ സാധിക്കൂ. മാത്രമല്ല ബംഗ്ലാദേശ് ടീമിന്റെ ഭാഗത്തുനിന്ന് ഓസ്ട്രേലിയക്ക് സഹായവും ആവശ്യമാണ്. ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാൽ ഓസ്ട്രേലിയക്ക് സെമി പ്രതീക്ഷകൾ വർദ്ധിക്കും. നിലവിൽ ഓസ്ട്രേലിയയുടെ നെറ്റ് റൺറേറ്റ് 0.223 ആണ്.

ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയം നേരിട്ടാലും, ബംഗ്ലാദേശ് നേരിയ മാർജിനിൽ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാൽ, ഓസ്ട്രേലിയക്ക് സെമിയിൽ എത്താം. പക്ഷേ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ വിജയിക്കുകയും, അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെതിരെ വിജയവും നേടിയാൽ ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്താവും.

ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാൽ അഫ്ഗാനിസ്ഥാന് സെമിഫൈനലിലേക്ക് യോഗ്യത നേടാം. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ചെറിയ മാർജിനിൽ പരാജയപ്പെട്ടാലും അവർക്ക് സാധ്യതയുണ്ട്. പക്ഷേ ഇന്ത്യ-ഓസ്ട്രേലിയയെ വലിയ മാർജിനിൽ പരാജയപ്പെടുത്തണം എന്ന് മാത്രം.

മറുവശത്ത് ബംഗ്ലാദേശിനെ സംബന്ധിച്ച് സെമിയിൽ എത്തണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. അഫ്ഗാനിസ്ഥാനെ ഒരു വലിയ മാർജിനിൽ പരാജയപ്പെടുത്തുകയും ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയും ചെയ്താൽ മാത്രമേ ബംഗ്ലാദേശിന് സെമിയിലെത്താൻ സാധിക്കൂ.

Previous articleലോകകപ്പ് ചരിത്രത്താളിൽ ഇടംപിടിച്ച് കോഹ്ലി. സച്ചിനെയും രോഹിത്തിനെയും പിന്നിലാക്കി വമ്പൻ റെക്കോർഡ്.
Next article“വെസ്റ്റിൻഡിസിനായി ഇനിയുള്ള കാലം കളിക്കാമോ? “, ഇന്ത്യന്‍ താരത്തോട് ബ്രയാൻ ലാറയുടെ ചോദ്യം.