ഒക്ടോബര്‍ 24 നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടം. യുഏഈയില്‍ നടക്കുന്ന ടി20 ലോകകപ്പിലാണ് ക്ലാസിക്ക് പോരാട്ടം അരങ്ങേറുന്നത്. 2019 ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ അനായാസം വിജയിച്ചിരുന്നു.
ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചു തുടങ്ങുമെന്ന് പറയുകയാണ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബാബറിന്റെ പ്രതികരണം. “ലോകകപ്പ് മത്സരത്തില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ പാക്കിസ്ഥാനേക്കാള്‍ സമ്മര്‍ദം ഇന്ത്യക്കായിരിക്കും. ഇന്ത്യയെ പരാജയപ്പെടുത്തി ടൂര്‍ണമെന്റ് ആരംഭിക്കുകയാണ് ലക്ഷ്യം,” ബാബര്‍ പറഞ്ഞു.
“യുഎഇയില്‍ കളിക്കുന്നത് സ്വന്തം നാട്ടില്‍ കളിക്കുന്നപോലെ തന്നെയാണ്. ഞങ്ങളുടെ 100 ശതമാനവും കളത്തില്‍ കൊടുക്കും,” ബാബര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ താന്‍ തൃപ്തനാണെന്നും ടീം സന്തുലിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമദ്ദിനെ സ്ക്വാഡില്‍ നിന്നും പുറത്താക്കിയപ്പോള്‍, ഇഫ്തിക്കര്‍ അഹമ്മദ്, കുശ്ദില്‍ ഷാ എന്നിവരെ ടീമിലെടുത്തു.