ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി . ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ എല്ലാവരും അതിയായ സന്തോഷത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോദിജി ഇക്കാര്യം വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ നാമെല്ലാവരും അതിയായ സന്തോഷവാൻമാരാണ്. ഊർജ്ജസ്വലവും അഭിനിവേശം നിറഞ്ഞതുമായ പ്രകടനം. ഒപ്പം ചടുലതയും ദൃഢനിശ്ചയവും മത്സരത്തിൽ ഉടനീളം ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്ന് കാണുവാനായി . ടീമിന് അഭിനന്ദനങ്ങൾ. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നു. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഗാബയിൽ കഴിഞ്ഞ 32 വർഷമായി തോൽവിയറിയാതെയുള്ള ഓസ്‌ട്രേലിയയുടെ ഇതിഹാസ കുതിപ്പിനാണ് ടീം ഇന്ത്യ ഇന്ന് കടിഞ്ഞാണിട്ടത്. ഇന്നത്തെ വിജയത്തോടെ 4 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 സ്വന്തമാക്കി. വിജയത്തോടെ ഇന്ത്യ ബോർഡർ : ഗവാസ്‌കർ ട്രോഫി നിലനിർത്തുകയും ചെയ്തു. ഐതിഹാസിക വിജയത്തിന് ടീം ഇന്ത്യക്ക് ബിസിസിഐ 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന്റെ സ്വപ്ന തുല്യ വിജയം ഇന്ത്യ സ്വന്തമാക്കി . അവസാന ദിനം ഗില്‍, പൂജാര, റിഷാബ് പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7