തോൽവിയറിയാത്ത വീരഗാഥ പാണപ്പാട്ട് പാടിയിരുന്ന ഇന്ത്യൻ ആരാധകർ മത്സരശേഷം സത്യസന്ധമായി ഇങ്ങനെ പറഞ്ഞു

329257

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ റൗണ്ട് റൂഫിലും പരിസര പ്രദേശങ്ങളിലുമായി മുന്നൂറ്റി അൻപതോളം ഫ്ലഡ് ലൈറ്റ്‌സുണ്ടെന്നാണ് കണക്ക്. റിങ് ഓഫ് ഫയർ എന്നൊരു വിളിപ്പേരും കനേഡിയൻ ആർക്കിടെക്റ്റ് ഔ​സാം മ​ത്​​ലൂ​ബി​ന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ആ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റ്സ് സംവിധാനത്തിനുണ്ട്.

കളിക്കാരുടെ നിഴൽ ഗ്രൗണ്ടിൽ പതിക്കാതിരിക്കാൻ ഈ സംവിധാനം പ്രയോജനകരമാണത്രേ. എന്നിട്ടും ഇന്ത്യൻ കളിക്കാരുടേതായി അവരുടെ നിഴൽ മാത്രമേ ഭൂരിഭാഗ സമയവും ഗ്രൗണ്ടിൽ കണ്ടുള്ളൂ എന്ന് വന്നാൽ എന്ത് ചെയ്യും. “ടീം ഇന്ത്യയെ നഗരത്തിലെ ആ കിളിക്കൂട്ടിലിട്ട് മർദ്ദിച്ച കേസിലെ പ്രധാന പ്രതികൾ…ഷഹീൻ ഷാ അഫ്രീദി, ബാബർ അസം, മുഹമ്മദ് റിസ്വാൻ”

ഇന്ത്യൻ ഇന്നിങ്സിന്റെ നാലാം പന്തിൽ യോർക്കർ ലെങ്ത്തിൽ ബെൻഡ് ചെയ്ത് വന്ന ഒരു ഇൻസ്വിങ്ങർ
കർവ് ബോഡിയിൽ മിഡ് വിക്കറ്റിലേക്ക് കളിക്കാനുള്ള രോഹിത് ശർമയുടെ ശ്രമം പാളിയപ്പോഴേ ഇന്ത്യൻ ആരാധകർക്ക് അപകടം മണത്തു.

കോറിഡോറിൽ നിന്ന് ഉള്ളിലേക്ക് സ്വിങ് ചെയ്ത് കയറിയ ബോളിൽ രാഹുലിന്റെ രാഹുകാലവും തീർന്നപ്പോൾ ഇന്ത്യക്കാർ അവനെയൊന്ന് നല്ല വണ്ണം നോക്കി.

“ഇതെന്താണ് തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞോ?”

Most dangerous ഷാഹിൻ ഷാ അഫ്രീദി.

ഇന്ത്യൻ സ്‌കോർ വെറും ആറ് റൺസിന്
രണ്ട് വിക്കറ്റ്.

മൂന്നാം ഓവറിൽ ലാസ്റ്റ് ബോളിൽ റിസ്റ്റ് വർക്കിലൂടെ ഡീപ് സ്‌ക്വയർ ലക്ഷ്യമാക്കി ഫോമിലുള്ള അഫ്രീദിക്കെതിരെ ഒരു ഷോർട്ട് ആം പുൾ സിക്സ്‌. നാലാം ഓവർ അവസാന പന്തിൽ ഇമാദ് വസീമിനെതിരെ ഗുഡ് ലെങ്ത് ബോളിൽ സ്വീപ്പിലൂടെ ഫോർ. സൂര്യകുമാർ ഗിയറൊന്ന് ചേഞ്ച്‌ ചെയ്തു.

വൈകാതെ അഫ്രിദിയെ മിഡ് ഓണിന് മുകളിലൂടെ കോഹ്‌ലി സിക്സർ പറത്തുക കൂടി ചെയ്തതോടെ ഇന്നൊരു “റോയൽ ഇന്ത്യൻസ്” ദിനം എന്ന് ആരാധകർ കണക്ക് കൂട്ടി.

പക്ഷെ കണക്ക് തെറ്റാൻ അധികനേരം വേണ്ടി വന്നില്ല. ഹസ്സൻ അലിയുടെ ബൗളിംഗിൽ തകർപ്പനൊരു ക്യാച്ചിലൂടെ ഇന്ത്യയുടെ സൂര്യമാനസം പിടഞ്ഞു വീണു. 31 ന് 3.

ഡൽഹി ബോയ് ആയ കോഹ്ലിയോടൊപ്പം മറ്റൊരു ഡൽഹി ബോയ് ആയ പന്ത് കൂടി ചേർന്നതോടെ “ക്യാപ്പിറ്റൽ ചാലഞ്ചേഴ്‌സിലായി” ആരാധക പ്രതീക്ഷ.

കവറിനും പോയിന്റിനുമപ്പുറത്തേക്ക്, ഷോർട്ട് ഫൈൻ ലെഗ്ഗിന് മുകളിലൂടെ, വൈഡ് ഷോർട്ട് തേർഡ് മാനിലേക്ക് എന്നിങ്ങനെ ഇടവേളകളിൽ ബൗണ്ടറികൾ ലഭിച്ചതോടെ സ്‌കോർ പതിയെ ഉയർന്നു.

See also  സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)

പന്ത്രണ്ടാം ഓവറിൽ ഹസ്സൻ അലിക്കെതിരെ തുടർച്ചയായി രണ്ട് വട്ടം വൺ ഹാൻഡഡ് ഷോട്ടുകളിലൂടെ പന്ത് സിക്സുകൾ നേടിയതോടെ “അമ്പട ഡൽഹിക്കുട്ടാ” എന്ന് ആരാധകരിൽ ചിലർ വാത്സല്ല്യത്തോടെ പന്തിനെ നോക്കിപ്പറഞ്ഞു.

പക്ഷെ കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടി ഇല്ലാതായി എന്ന് പറഞ്ഞപോലെ പതിനാലാമത്തെ ഓവറിൽ പന്ത് പൊട്ടി.
ശരിയാക്കാൻ ആദ്യം ജഡേജ വന്നു.. പാണ്ഡ്യ വന്നു … ഭുവനേശ്വർ വന്നു..പിന്നെ ഷമി വന്നു…ഒരു വിധം 150 കടന്നു… ചെറിയൊരു ആശ്വാസവും കിട്ടി. സ്‌കോർ ഇരുപത് ഓവറിൽ 151ന് 7. പൊരുതി നേടിയ അർദ്ധ സെഞ്ചുറിക്ക് ഇന്ത്യക്കാർ കോഹ്ലിയോട് നന്ദി പറയണം.

ചേസിന് പാക്ക് ഓപ്പണിങ് ബാറ്റേഴ്‌സായ ബാബർ അസമും മുഹമ്മദ് റിസ്വാനും മനസ്സും ശരീരവും ഒരുങ്ങിക്കെട്ടിത്തന്നെ വന്നു. അഫ്രീദിയുടെ സ്വിങ്ങിൽ കണ്ണു വെച്ച് ആദ്യ ഓവർ എറിയാൻ ഭുവനേശ്വർ കുമാറിന് നേരെയാണ് കൊഹ്‌ലി ബോൾ നീട്ടിയത്.

നേരിട്ട രണ്ടാം പന്തിൽ വൈഡ് മിഡോണിലേക്ക് ഫോർ, അടുത്ത പന്തിൽ ഡീപ് സ്‌ക്വയർ ലെഗ്ഗിന് മുകളിലൂടെ കലക്കൻ സിക്സ്. റിസ്വാൻ പറയാതെ പറയുകയായിരുന്നു “ഈ മോൻ വന്നതേ ചുമ്മാ അങ് പോകാനല്ല”.

അപ്പുറത്ത് കവറിനപ്പുറവും വൈഡ് ലോങ് ഓണിലേക്കുമൊക്കെ ബൗണ്ടറികളുമായി ബാബർ അസമും നിലയുറപ്പിച്ചച്ചതോടെ പാക്കിസ്ഥാൻ നല്ലൊരു തുടക്കം നേടിയെടുത്തു.

പിന്നീടങ്ങോട്ട് ബാബർ റിസ്വാനും കൂടി ഇന്ത്യൻ ആരാധകരെക്കൊണ്ട് “സർവ്വാധിപനാം കർത്താവേ” പാടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. മാസ്സും ക്ലാസ്സും, ട്രിക്കും ടൈമിങ്ങും, കോണ്ഫിഡൻസും കണ്ട്രോളും എല്ലാം ഒത്തിണങ്ങിയ രണ്ട് കിടിലൻ ഇന്നിംഗ്സുകൾ.

ഫോറുകളും സിക്സുകളും വൺസും ടൂസും, ത്രീസും എല്ലാം യഥേഷ്ടം മൈതാനം നിറഞ്ഞു. അവസാന ഓവറിലേക്ക് പോലും വെക്കാതെ, ഒരു വിക്കറ്റ് പോലും നൽകാതെ പതിനെട്ടാം ഓവർ അവസാനിക്കും മുൻപേ പാക്കിസ്ഥാൻ ഇന്ത്യയെ തരിപ്പണമാക്കി.

മത്സരത്തിന് മുൻപ് വരെ ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയറിയാത്ത വീരഗാഥ പാണപ്പാട്ട് പാടിയിരുന്ന ഇന്ത്യൻ ആരാധകർ മത്സരശേഷം സത്യസന്ധമായി ഇങ്ങനെ പറഞ്ഞു.
Well played Pakistan.

നന്നായി പദ്ധതികൾ വിഭാവനം ചെയ്തു, അത് കൃത്യമായി പാക്കിസ്ഥാൻ നടപ്പാക്കി. മത്സര ശേഷം സംസാരിക്കവെ വിരാട് കോഹ്‌ലി പറഞ്ഞു. They outplayed us today. അതെ അതാണ് സത്യം.

Scroll to Top