ടി20 ലോകകപ്പിനെ വരവേല്‍ക്കാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലായതിനാല്‍ മത്സരത്തില്‍ ആര് വിജയിക്കും എന്ന് വാക്പോര് സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോഴിതാ ഈ മത്സരത്തില്‍ ആര് വിജയിക്കും എന്ന് പറയുകയാണ് പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ്. വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് പാക്കിസ്ഥാന്‍ താരത്തിന്‍റെ ഉറച്ച വിശ്വാസം.
” തീര്‍ച്ചയായും ഈ റിസള്‍ട്ട് നേടാനുള്ള കഴിവുണ്ട്. പാക്കിസ്ഥാന്‍ കഴിവിനനുസരിച്ച് കളിച്ചാല്‍ ഇന്ത്യ ഉള്‍പ്പടെ ലോകത്തെ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയും. കുറച്ച് ബോളുകള്‍ക്കിടയിലോ അല്ലെങ്കില്‍ ഒരു സംഭവം കാരണമോ മത്സര ഫലം തന്നെ മാറി മറിയുന്ന ഫോര്‍മാറ്റാണ് ടി20 ക്രിക്കറ്റ്. ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരവും അതുപോലെ തന്നെയാണ്. പാക്കിസ്ഥാന്‍ മികച്ച രീതിയില്‍ കളിച്ചാല്‍ തീര്‍ച്ചയായും ഇന്ത്യയെ തോല്‍പ്പിക്കാം.
ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം മത്സരം യുഏഈ – ഒമാന്‍ എന്നിവിടങ്ങിളിലേക്ക് മാറ്റുകയായിരുന്നു. വേദി യുഏയിലേക്ക് മാറ്റുന്നത് പാക്കിസ്ഥാന്‍ ടീമിനു ഗുണം ചെയ്യുമെന്നാണ് വഹാബ് റിയാസിന്‍റെ വാദം.
യുഏഈയില്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചത് ഗുണം ചെയ്യുമെന്ന് പറഞ്ഞ താരം വേദിയുടെ ആനുകൂല്യം മുതലാക്കാനായാല്‍ ലോകകപ്പ് നേടാനുള്ള സാധ്യതയുള്ള ഒരു ടീമായി പരിഗണിക്കാം എന്നും പാക്കിസ്ഥാന്‍ താരം കൂട്ടിചേര്‍ത്തു.