ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണിൽ ശക്തമായ ഒരു തിരിച്ചുവരവാണ് മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ലക്ഷ്യമിടുന്നത് .കഴിഞ്ഞ സീസണിൽ
ചരിത്രത്തിലാദ്യമായി പ്ലേ ഓഫില്‍ പ്രവേശനം നേടാതെ പുറത്തായ സിഎസ്‌കെ ഇത്തവണ പരിശീലന ക്യാമ്പ് നേരത്തെ തന്നെ ആരംഭിച്ച് കിരീടം തിരികെപ്പിടിക്കാനുള്ള പൂർണ്ണമായ തയ്യാറെടുപ്പിലാണ് .നായകൻ ധോണിയടക്കം ടീമിനൊപ്പം പരിശീലനം ആരംഭിച്ച് കഴിഞ്ഞു .
എന്നാൽ 2021ലെ ഐപിഎല്ലിലെ ചെന്നൈ ടീമിന് തുടക്കം മുതലേ വെല്ലുവിളികൾ നേരിടും കൂടാതെ സീസണിന്റെ തുടക്കം വളരെയേറെ പിഴക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ്
മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററും അവതാരകനുമായ ആകാശ് ചോപ്ര .
ചെന്നൈ സൂപ്പർ കിങ്‌സ് ഇത്തവണ സീസണിൽ നേരിടുവാൻ പോകുന്ന
മൂന്ന് പ്രധാന വെല്ലുവിളികൾ
ചൂണ്ടികാണിക്കുകയാണ് ആകാശ് ചോപ്ര .
ചെന്നൈ സ്‌ക്വാഡിലെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരിലെ ഇന്ത്യന്‍ താരങ്ങളൊന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ല എന്നതാണ് പ്രധാന പ്രശ്‌നമായി ആകാശ് ചോപ്ര പറയുന്നത് .
ടീമിലെ പ്രധാന താരങ്ങളായ നായകൻ ധോണി , സുരേഷ് റെയ്ന , അമ്പാടി റായിഡു എന്നിവർ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചവരാണ് .
ഓപ്പണറായി പരിഗണിക്കുന്ന റോബിൻ ഉത്തപ്പ ,ഫാഫ് ഡുപ്ലെസിസ് എന്നിവർ ടി:20 മത്സരങ്ങൾ ആഭ്യന്തര തലത്തിൽ മാത്രമേ ഇപ്പോൾ കളിക്കുന്നുള്ളു .
ഇതെല്ലാം സീസണിന്റെ തുടക്കത്തിൽ ടീമിന്റെ പ്രകടനത്തെ ബാധിക്കും എന്നാണ് ആകാശ് ചോപ്ര പ്രവചിക്കുന്നത് .
കൂടാതെ ഇത്തവണ ചെന്നൈ ടീമിന് തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ കളി ഇല്ലാത്തത് വലിയ വെല്ലുവിളിയെന്ന് പറഞ്ഞ ആകാശ് ചോപ്ര മുംബൈയിലെ പേസ് ബൗളിങ്ങിനെ ഏറെ അനുകൂലിക്കുന്ന ഗ്രൗണ്ടിൽ തുടക്കത്തിൽ 5 മത്സരങ്ങൾ കളിക്കുന്നത് ചെന്നൈ പോലൊരു സ്പിൻ ബൗളിംഗ് ആശ്രയിക്കുന്ന ടീമിനെ തളർത്തും എന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത് .
എന്നാൽ ആകാശ് ചോപ്ര ഏറ്റവും പ്രധാന പ്രശ്നമായി ഉയർത്തുന്നത് സുരേഷ് റെയ്‌നയുടെ ഫോമിനെ കുറിച്ചുള്ള ആശങ്കയാണ് .താരം മൂന്നാം നമ്പറിൽ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചാൽ ചെന്നൈ ടീമിന് രക്ഷപെടാം എന്നാണ് ചോപ്ര പറയുന്നത് .