രണ്ടാം അങ്കത്തിനിറങ്ങാൻ കേരളം : സഞ്ജു പട ഇന്ന് മുംബൈക്ക് എതിരെ

IMG 20210113 172255

സയിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ്  ടൂര്‍ണമെന്റില്‍ കേരള ടീം  ഇന്ന് കരുത്തരായ മുംബൈക്ക് എതിരെ മത്സരിക്കും . ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന മുംബൈയാണ് രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍. രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത് .

നേരത്തെ ലീഗിലെ  ആദ്യ മത്സരത്തില്‍ മുംബൈ, ഡല്‍ഹിയോട് പരാജയപ്പെട്ടിരുന്നു. കേരളമാവട്ടെ പോണ്ടിച്ചേരിയെ ആറ് വിക്കറ്റിന് തകര്‍ത്താണ് തുടങ്ങിയത്. ജയത്തോടെ കേരളം നാല് പോയിന്റ് സ്വന്തം അക്കൗണ്ടിൽ കുറിച്ചിരുന്നു .കരുത്തരായ മുംബൈയ്‌ക്കെതിരെ അവരുടെ സ്വന്തം  തട്ടകത്തില്‍  കളിക്കുവാൻ ഇറങ്ങുമ്പോള്‍ കേരളത്തിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഐ പി എല്ലില്‍  മുംബൈ ഇന്ത്യൻസിനായി ഉഗ്രന്‍ ഫോമിലായിരുന്ന സൂര്യ കുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് മുംബൈ ടീം  ഇറങ്ങുന്നത്. ആദിത്യ താരെ, യശസ്വീ ജയ്‌സ്വാള്‍, ശിവം ദുബേ,  സിദ്ധേഷ് ലാഡ്, സർഫ്രാസ് ഖാൻ ,  ധവാല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരുള്‍പ്പെട്ട ഒരു  ശക്തമായ ടീമാണ് മുംബൈ .

അതേസമയം  ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം . ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കേരളം 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 32 റണ്‍സ് നേടിയ നായകൻ  സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്കോററായത് .ബൗളിങ്ങിൽ ജലജ് സക്സേനയുടെ മൂന്ന് വിക്കറ്റാണ് പോണ്ടിച്ചേരിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയിരുന്നത്. ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

Read Also -  "രോഹിതിന് ശേഷം സഞ്ജു ഇന്ത്യൻ നായകനാവണം"- ഹർഭജന്റെ വാക്കുകൾക്ക് പിന്തുണ നൽകി ശശി തരൂർ.

മുന്‍താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ മുഖ്യ പരിശീലകന്‍.
 സഞ്ജു സാംസൺ ഒപ്പം റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, എം.ഡി. നിധീഷ് തുടങ്ങിയ താരങ്ങളിലാണ്  രണ്ടാം മത്സരത്തിൽ  കേരളത്തിന്റെ പ്രതീക്ഷ. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്തും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. തിരിച്ചുവരവിലെ ആദ്യമത്സരത്തില്‍ ഒരു  വിക്കറ്റ് വീഴ്ത്താനും ശ്രീശാന്തിന് കഴിഞ്ഞു.  മുൻ ഇന്ത്യൻ താരത്തിൽ നിന്ന് ഇന്നും മികച്ചൊരു  പ്രകടനമാണ് കേരള ടീം പ്രതീക്ഷിക്കുന്നത് .

Scroll to Top