മുംബൈ ഇന്ത്യന്‍സിനു നിവര്‍ത്തിയില്ലാ. ഹാര്‍ദ്ദിക്ക് പാണ്ട്യയും ഇഷാന്‍ കിഷനും ഇല്ല.

ഐപിഎല്‍ ലേലത്തിനു മുന്നോടിയായുള്ള മെഗാലേലത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടപ്പെടാന്‍ പോകുന്നത് മുംബൈ ഇന്ത്യന്‍സിനായിരുന്നു. മുംബൈ ഇന്ത്യന്‍സിനെ കിരീടങ്ങളിലേക്ക് നയിച്ച പ്രധാന താരങ്ങളെ പലരും അടുത്ത സീസണില്‍ നീല ജേഴ്സിയില്‍ കാണാനാകില്ലാ. പരമാവധി നാലു താരങ്ങളെയാണ് നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളു.

ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മ, പേസര്‍ ജസ്പ്രീത് ബൂംറ, ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് നിലനിര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സ് ജേഴ്സിയില്‍ ഉണ്ടായിരുന്ന ഹാര്‍ദ്ദിക്ക് പാണ്ട്യ, ഇഷാന്‍ കിഷന്‍ എന്നിവരെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് ജേഴ്സിയില്‍ കാണാന്‍ സാധിച്ചേക്കില്ലാ.

കഴിഞ്ഞ മെഗാലേലത്തില്‍ പൊള്ളാര്‍ഡിനെ നിലനിര്‍ത്തിയില്ലെങ്കില്ലും ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് വഴി മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് മടക്കി വിളിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഈ ഒപ്ഷന്‍ ഇല്ലാത്തതിനാല്‍ പൊള്ളാര്‍ഡിനെ ലേലത്തില്‍ വയ്ക്കാന്‍ മുംബൈ ഇന്ത്യന്‍സിനു ധൈര്യമുണ്ടായിരുന്നില്ലാ.

നാലമത്തെ സ്ലോട്ടിനു വേണ്ടി മൂന്നു താരങ്ങളായിരുന്നു മത്സരിച്ചത്. ഹാര്‍ദ്ദിക്ക് പാണ്ട്യ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്. എന്നാല്‍ മുംബൈ മാനേജ്മെന്‍റ് സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദ്ദിക്ക് പാണ്ട്യ പന്തെറിഞ്ഞിരുന്നില്ലാ. കഴിഞ്ഞ മെഗാലേലത്തില്‍ 11 കോടി രൂപക്ക് പാണ്ട്യയെ നിലനിര്‍ത്തിയിരുന്നു.

ഇത്തവണ പുതിയ 2 ടീമുകള്‍ വരുന്നതിനാല്‍ താരങ്ങളെ ലേലത്തിനു മുന്‍പേ തിരഞ്ഞെടുക്കാം. അങ്ങനെയെങ്കില്‍ തന്‍റെ നാട്ടില്‍ നിന്നുമുള്ള ഗുജറാത്ത് ഫ്രാഞ്ചൈസിക്കായി ഹാര്‍ദ്ദിക്ക് പാണ്ട്യ ജേഴ്സിയണിയും. യുവതാരവും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനും ലേലത്തില്‍ വന്‍ തുക ലഭിക്കുമെന്ന് ഉറപ്പാണ്.

മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ താരങ്ങള്‍ – രോഹിത് ശര്‍മ്മ, ജസ്പ്രീത് ബൂംറ, കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്.