ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി ചെന്നെ സൂപ്പര്‍ കിംഗ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 208 റണ്‍സാണ് ഉയര്‍ത്തിയത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിചേര്‍ത്ത ഗെയ്ക്വാഡ് – കോണ്‍വേ കൂട്ടുകെട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കൂറ്റന്‍ സ്കോര്‍ എത്തിക്കുന്നതില്‍ അടിത്തറയിട്ടത്. അവസാന നിമിഷങ്ങളില്‍ ശിവം ഡൂബൈയും, ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയും നിര്‍ണായക സംഭാവനകള്‍ നല്‍കി.
8 പന്തില്‍ 21 റണ്‍സാണ് ധോണി നേടിയത്. നേരിട്ട രണ്ടാം പന്തില്‍ സിക്സടിച്ചാണ് മഹേന്ദ്ര സിങ്ങ് ധോണി തുടങ്ങിയത്. ക്യാപ്‌റ്റന്‍റെ ബാറ്റില്‍ നിന്നും 1 ഫോറും 2 സിക്സും പിറന്നു. അവസാന നിമിഷങ്ങളില്‍ 17 കാരന്‍റെ ആരോഗ്യത്തോടെ ഡബിളുകള്‍ നേടുന്ന 40 കാരനായ ധോണിയെ കാണാനും പറ്റി.
ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനായി 6000 റൺസ് ധോണി പൂർത്തിയാക്കി. ടി20 യിൽ ക്യാപ്റ്റനായി 6000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് എം എസ് ധോണി. മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ആർ സീ ബി ക്യാപ്റ്റനുമായ വിരാട് കോഹ്ലിയാണ് ഇതിനുമുൻപ് ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനായി 6000 റൺസ് നേടിയിട്ടുള്ളത്.