ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാംഗ്ലൂരിനു ബാറ്റിംഗ് ഇറങ്ങേണ്ടി വന്നു. എന്നാല്‍ ഓപ്പണര്‍മാരായ ഫാഫ് ഡൂപ്ലെസിസും വീരാട് കോഹ്ലിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ സീസണിലെ ബാംഗ്ലൂരിന്‍റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്.
ഫാഫ് ഡൂപ്ലെസിസിന്‍റെ വിക്കറ്റ് വീണതോടെ ബാംഗ്ലൂര്‍ തകര്‍ച്ച നേരിട്ടു. പവര്‍പ്ലേക്ക് ശേഷം എത്തിയ മൊയിന്‍ അലിയാണ് വിക്കറ്റ് നേടിയത്. തൊട്ടു പിന്നാലെ ഗ്ലെന്‍ മാക്സ്വെല്‍ റണ്ണൗട്ടായി. 10ാം ഓവറില്‍ വീരാട് കോഹ്ലിയെ നഷ്ടമായപ്പോള്‍ ബാംഗ്ലൂര്‍ സ്കോര്‍ ബോര്‍ഡില്‍ 79 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
മൊയിന്‍ അലിയാണ് മുന്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍റെ വിക്കറ്റെടുത്തത്. 33 പന്തില്‍ 3 ഫോറും 1 സിക്സും സഹിതം 30 റണ്‍സാണ് താരം നേടിയത്. വീരാട് കോഹ്ലിയെ ക്ലീന്‍ ബൗള്‍ഡാക്കാന്‍ ഒരു ഡ്രീം ബോളാണ് ഇംഗ്ലണ്ട് താരം എറിഞ്ഞത്. ഫ്ലിക്ക് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ ബാറ്റിനും പാഡിനുമിടയിലൂടെ പോയി സ്റ്റംപ് തെറിപ്പിച്ചു.
മത്സരത്തില്‍ ഏക മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് കളത്തില്‍ ഇറങ്ങിയത്. മിച്ചല്‍ സാന്‍റ്നറിനു പകരം പരിക്കില്‍ നിന്നും ഭേദമായി എത്തിയ മൊയിന്‍ അലിക്ക് അവസരം ലഭിച്ചു. നാലോവര്‍ പൂര്‍ത്തിയാക്കിയ താരം 28 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടി.