ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഒരു അപ്രതീക്ഷിത പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിട്ടത്. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ 6 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനോട് പരാജയം വഴങ്ങിയത്. സ്ഥിര സാന്നിധ്യമായ 5 താരങ്ങളെ മാറ്റിനിർത്തിയാണ് ഇന്ത്യൻ ടീം ബംഗ്ലാദേശിനെതിരെ മത്സരം ആരംഭിച്ചത്.
മത്സരത്തിൽ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്ത് 266 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ശുഭമാൻ ഗിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരത്തിൽ പരാജയമായിരുന്നു ഫലം. ഏകദിനത്തിൽ തന്റെ ആദ്യ മത്സരം കളിച്ച തിലക് വർമ 5 റൺസ് മാത്രമായിരുന്നു നേടിയത്. അതോടൊപ്പം സൂര്യകുമാർ വീണ്ടും ഏകദിനത്തിൽ പരാജയപ്പെടുകയുണ്ടായി. 34 പന്തുകൾ നേരിട്ട് സൂര്യകുമാർ 26 റൺസാണ് മത്സരത്തിൽ നേടിയത്. അനാവശ്യമായ ഒരു ഷോട്ട് കളിക്കുന്നതിനിടെ ആയിരുന്നു സൂര്യകുമാർ കൂടാരം കയറിയത്. ഇതോടുകൂടി സൂര്യകുമാറിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരടക്കം സൂര്യകുമാറിനെ വിമർശിക്കുമ്പോൾ സൂര്യകുമാർ യാദവിന് പിന്തുണ നൽകി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ മുൻ താരം മാത്യു ഹെയ്ഡൻ. തന്റെ ക്രിക്കറ്റ് കരിയറിൽ താൻ ഇത്തരത്തിൽ മോശം പ്രകടനങ്ങളുമായി ബുദ്ധിമുട്ടിയിട്ടുണ്ട് എന്നാണ് ഹെയ്ഡൻ ചൂണ്ടിക്കാട്ടുന്നത്.
“സൂര്യകുമാറിന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാവും. കാരണം ഓസ്ട്രേലിയയ്ക്കായി ഏഴ് വർഷത്തോളം ഒരു മത്സരം പോലും കളിക്കാൻ സാധിക്കാതെ പുറത്തിരിക്കേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തിനായി മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഇത്തരം നിമിഷങ്ങൾ ഉണ്ടാവാറുണ്ട്. സൂര്യകുമാർ യാദവിന്റെ കാര്യത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐപിഎൽ ക്രിക്കറ്റിലും 170ലധികം സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യാൻ അയാൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോൾ സൂര്യക്ക് തന്റെ ഫോമിലേക്ക് എത്താൻ സാധിക്കുന്നില്ല. അല്ലെങ്കിൽ മത്സരം മനസ്സിലാക്കി മുൻപോട്ടു പോകാൻ സാധിക്കുന്നില്ല.”- ഹെയ്ഡൻ പറഞ്ഞു.
“ബംഗ്ലാദേശിനെതിരായ മത്സരത്തിൽ എങ്ങനെയെങ്കിലും കുറച്ച് റൺസ് കണ്ടെത്താനാണ് സൂര്യകുമാർ യാദവ് ശ്രമിച്ചത്. ജഡേജ മൈതാനത്ത് എത്തിയപ്പോഴും ശുഭ്മാൻ ഗില്ലിനൊപ്പം അടിച്ച് തകർക്കാനായിരുന്നു ശ്രമിച്ചത്. അത് വലിയ രീതിയിൽ ബാറ്റർമാരിൽ ആത്മവിശ്വാസം ഉണ്ടാകും. നമ്മൾ എപ്പോഴും നമ്മുടെ മത്സരത്തിന് മുകളിൽ ആയിരിക്കണം. സൂര്യകുമാർ ഏകദിനങ്ങളിൽ തന്റെ രാജ്യത്തിൽ നിന്ന് ബഹുമാനം ലഭിക്കാനായി പ്രയത്നിക്കുകയാണ്. എത്ര കഠിനമായി അതിനു ശ്രമിക്കുന്നുവോ അത്രമാത്രം ബുദ്ധിമുട്ടുള്ളതായി അത് മാറും. എനിക്ക് സൂര്യയുടെ കാര്യത്തിൽ വലിയ വിഷമമുണ്ട്. ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി പ്രധാന റോൾ വഹിക്കേണ്ട താരം തന്നെയാണ് സൂര്യകുമാർ എന്ന് ഞാൻ കരുതുന്നു.”- ഹെയ്ഡൻ കൂട്ടിച്ചേർത്തു.
ട്വന്റി20 ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തപ്പോഴും സൂര്യകുമാർ യാദവ് ഇന്ത്യക്കായി ഏകദിനങ്ങളിൽ പരാജയപ്പെടുന്നതാണ് കണ്ടത്. ഇതുവരെ ഏകദിന ക്രിക്കറ്റിൽ ഓർത്തുവയ്ക്കാൻ പാകത്തിനുള്ള ഒരു ഇന്നിംഗ്സ് സൂര്യകുമാർ യാദവിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഇന്ത്യ സൂര്യകുമാറിന് തുടർച്ചയായി അവസരങ്ങൾ നൽകുന്നുണ്ട്. ഏഷ്യാകപ്പിലും വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും സൂര്യകുമാർ യാദവ് ഇന്ത്യൻ സ്ക്വാഡിലുണ്ട്. പക്ഷേ ഈ അവസരങ്ങൾ മുതലാക്കാൻ താരത്തിന് സാധിക്കുന്നില്ല എന്നത് വലിയ ആശങ്കയുണ്ടാക്കുന്നു.