വീരാട് കോഹ്ലിയെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടര്‍ന്ന് വിത്യസ്ത അഭിപ്രായങ്ങളാണ് ക്രിക്കറ്റ് കോണില്‍ നിന്നും വരുന്നത്. കോഹ്ലി തുടരണമെന്ന് വാദിക്കുമ്പോള്‍, രോഹിത് ശര്‍മ്മയുടെ കീഴില്‍ ഇന്ത്യന്‍ ടീം ഇറങ്ങുന്നത് കാണാന്‍ ചിലര്‍ കാത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ വീരാട് കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനു കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍.
വീരാട് കോഹ്ലി ഇന്ത്യക്ക് മികച്ച റിസള്‍ട്ട് നല്‍കുന്നുണ്ടെങ്കില്‍ എന്തിനു മാറ്റണം എന്നാണ് മദന്‍ ലാലിന്‍റെ ചോദ്യം. ” 2023 ലോകകപ്പില്‍ വീരാട് കോഹ്ലിയായിരിക്കും ഇന്ത്യയെ നയിക്കുക എന്നാണ് ഞാന്‍ കരുതിയത്. ”
” വീരാട് കോഹ്ലിക്ക് മികച്ച റെക്കോഡുണ്ടായിട്ടും പിന്നെ എന്തിനാണ് മാറ്റിയത്. ഇത് അദ്ദേഹത്തെ വേദനിപ്പിക്കും. ഒരു ടീമിനെ വാര്‍ത്തിടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ അതിനെ തകര്‍ക്കാന്‍ എളുപ്പം കഴിയും ” മദന്‍ ലാല്‍ പറഞ്ഞു.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ വേണ്ട എന്ന ഗാംഗുലിയുടെ നിലപാടിനോട് മദന്‍ ലാലിനു യോജിക്കാനായില്ലാ. വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ക്കും അവരുടെ ശൈലിക്കും കീഴില്‍ നേരത്തേ കളിച്ചതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു അതു തിരിച്ചടിയാവുമെന്ന് താന്‍ കരുതുന്നില്ല. ഏകദിനനത്തിലും ടി20യിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരുള്ളത് കളിക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നത് ശരിയല്ല.” മദന്‍ ലാല്‍ പറഞ്ഞു.