അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കൂ നിങ്ങൾ : കോവിഡ് വ്യാപനത്തിൽ ഇന്ത്യൻ നായകൻ കോഹ്ലിയുടെ വീഡിയോ വൈറൽ

ലോകം മുഴുവൻ ഇപ്പോഴും കോവിഡ് മഹാമാരിയുടെ ഭീഷണിയിലാണ്.രോഗ വ്യാപനം ഇപ്പോഴും അതിതീവ്രമായി തന്നെ നിലനിൽക്കുന്നു എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത .ഇന്ത്യയിലും കോവിഡ് രണ്ടാം വരവിൽ വലിയ ആശങ്കയാണ് സൃഷ്ഠിക്കുന്നത് .ദിവസം രണ്ടര ലക്ഷത്തിന് മുകളിൽ പുതിയ കോവിഡ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട് .രാജ്യത്തെ കൊവിഡ് വ്യാപനത്തിനിടെ ഇപ്പോൾ  ബോധവല്‍ക്കരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി രംഗത്തെത്തി കഴിഞ്ഞു . രോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുളള വര്‍ധനവുണ്ടായതോടെയാണ്  വിരാട്  കോലി സോഷ്യല്‍ മീഡിയയില്‍ സന്ദേശവുമായെത്തിയത്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അദ്ദേഹം വീഡിയോയിലൂടെ ഏവരോടുമായി ആവശ്യപ്പെടുന്നുണ്ട് .

കോഹ്ലിയുടെ വാക്കുകൾ ഇപ്രകരമാണ് “രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.  ഇപ്പോൾ വലിയൊരു വെല്ലുവിളി നമുക്ക് മറികടക്കേണ്ടതുണ്ട്. ഈ ഒരു  അവസരത്തില്‍ നാം എല്ലാവരും വളരെ  ജാഗ്രതയോടെ വീട്ടിലിരിക്കാനുള്ള മനസ്സ്  കാണിക്കണം.മുഖാവരണം ധരിക്കാനും കൈകള്‍ സാനിറ്റൈസ് ചെയ്യാനും ആരും മറക്കരുത്.  കൂടാതെ ധാരാളം ആളുകൾ ഒത്തുകൂടുന്ന ചടങ്ങുകൾ കഴിവതും ഒഴിവാക്കുക “കോഹ്ലി അഭിപ്രായം വിശദമാക്കി .

“എപ്പോഴും നാം എല്ലാവരും സാമൂഹിക അകലം പാലിക്കുക. കൊവിഡിനെ പ്രതിരോധിക്കാന്‍  പൊലീസുമായും  നിങ്ങൾ എല്ലാവരും സഹകരിക്കണം. ജനങ്ങള്‍ ശ്രദ്ധിച്ചാലെ രാജ്യം ഇനിയും  സുരക്ഷിതമായിരിക്കൂ. എല്ലാവരും  ഉത്തരവാദിത്തങ്ങള്‍ മറക്കാതിരിക്കുക” കോഹ്ലി പറഞ്ഞുനിർത്തി .

അതേസമയം ഡല്‍ഹി പൊലീസിന്റെ ഓദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വീഡിയോ പങ്കുവച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ  നിമിഷ നേരങ്ങൾക്കുള്ളിൽ തരംഗമാണ് വീഡിയോ സന്ദേശം .ഇപ്പോൾ ഐപിഎല്ലിൽ റോയൽസ് ചലഞ്ചേഴ്‌സ് ടീമിനായി കളിക്കുകയാണ് താരം .